Friday, 24 July 2015

പൊതുയോഗം

ബഹുമാന്യരേ, 
ചിറക്കര പബ്ലിക്‌ ലൈബ്രറിയുടെ പൊതുയോഗം 2015 ജൂലൈ 26-ാം തീയതി ഞായറാഴ്‌ച വൈകിട്ട്‌ 5 മണിയ്‌ക്ക്‌ ലൈബ്രറി പഠനകേന്ദ്രത്തില്‍വച്ച്‌ കൂടുവാന്‍ തീരുമാനിച്ചിരിക്കുന്നു. പ്രസ്‌തുത യോഗത്തില്‍ പങ്കെടുക്കുന്നതിന്‌ ഗ്രന്‌ഥശാലാ അംഗമായ താങ്കളെ ആദരപൂര്‍വ്വം ക്ഷണിക്കുന്നു. കഴിഞ്ഞ മൂന്നുര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ്‌ ചെലവ്‌ കണക്കുകളും ഇതോടൊപ്പം ഉള്ളത്‌ കണ്ടാലും.

അജണ്ട :
1. ഈശ്വരപ്രാര്‍ത്ഥന 
2. റിപ്പോര്‍ട്ടും വരവ്‌ ചെലവ്‌ കണക്കും
3. ചര്‍ച്ച
4. പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പ്‌
5. അധ്യക്ഷന്‍ അനുവദിക്കുന്ന മറ്റ്‌ അത്യാവശ്യ കാര്യങ്ങള്‍

ലൈബ്രറി ഭരണസമിതിക്കുവേണ്ടി,

സെക്രട്ടറി പ്രസിഡന്റ്‌
രാജേഷ്‌. ആര്‍ പ്രശാന്ത്‌. എസ്‌.എസ്‌.

പ്രവര്‍ത്തന റിപ്പോര്‍ട്ട്‌

2012-2015

ചിറക്കര പബ്ലിക്‌ ലൈബ്രറിയുടെ പൊതുയോഗത്തില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേര്‍ന്ന എല്ലാ ബഹുമാനപ്പെട്ട അംഗങ്ങളേയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്‌തുകൊള്ളട്ടെ.
ചിറക്കര പബ്ലിക്‌ ലൈബ്രറി ഇന്നാട്ടിലെ ഏറ്റവും വലിയ സാംസ്‌ക്കാരിക സ്ഥാപനമായി വളര്‍ന്നിരിക്കുന്നു. കഴിഞ്ഞ 30 വര്‍ഷക്കാലം ഈ സ്ഥാപനം നമ്മുടെ നാടിന്റെ സാംസ്‌ക്കാരിക രംഗത്ത്‌ ചെലുത്തിയിട്ടുള്ള സ്ഥാനം എവ്വിധമാണെന്ന്‌ ആലോചിക്കാനുള്ള സമയം കൂടിയാണിത്‌.
നമുക്ക്‌ വഴികാട്ടികളായ, ജീവിച്ചിരിക്കുന്നതും മണ്‍മറഞ്ഞവരുമായ പൂര്‍വ്വസൂരികളുടെ, ഈ പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകരുടെ ഓര്‍മ്മയ്‌ക്ക്‌ മുന്നില്‍ നമിച്ചുകൊണ്ട്‌ കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ നിങ്ങളുടെ പരിഗണനയ്‌ക്കും സജീവമായ ചര്‍ച്ചയ്‌ക്കുംവേണ്ടി സമര്‍പ്പിക്കുന്നു.
2012 ജൂലൈ 22 ന്‌ ലൈബ്രറി ഹാളില്‍കൂടിയ പൊതുയോഗം തെരഞ്ഞെടുത്ത ഭരണസമിതിയുടെ ആദ്യയോഗത്തില്‍ ശ്രീ. പ്രശാന്ത്‌ എസ്‌.എസ്‌.നെ പ്രസിഡന്റായും ശ്രീ. പ്രമോദ്‌ വി.എസ്‌.നെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ശ്രീ. പ്രമോദ്‌ രാജിവച്ചതിനെത്തുടര്‍ന്ന്‌ 28.07.2013 ല്‍ ശ്രീ. മഹേഷിനെ സെക്രട്ടറിയായി ഭരണസമിതി തെരഞ്ഞെടുത്തു. ശ്രീ. മഹേഷ്‌ 20.07.2014 ല്‍ രാജിവച്ചു. തുടര്‍ന്ന്‌ ശ്രീ. രാജേഷ്‌. ആര്‍. നെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ചില അംഗങ്ങള്‍ രാജിവച്ചുപോയതിനാലും പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തതിനാലും ഭരണസമിതിയില്‍ പല മാറ്റങ്ങളും വന്നിട്ടുണ്ട്‌. നിലവിലുള്ള ഭരണസമിതി താഴെപ്പറയുന്നു:
1. പ്രശാന്ത്‌. എസ്‌.എസ്‌. - പ്രസിഡന്റ്‌
2. രാജേഷ്‌ ആര്‍. - സെക്രട്ടറി
3. അനീഷ്‌. ആര്‍ - വൈസ്‌ പ്രസിഡന്റ്‌
4. ആദര്‍ശ്‌. ആര്‍ - ജോയിന്റ്‌ സെക്രട്ടറി
5. ശരശ്ചന്ദ്രന്‍പിള്ള. ആര്‍ 
6. മനോജ്‌. ബി
7. മഹേഷ്‌. ആര്‍
8. വിനോദ്‌. ജി
9. സാല്‍. ആര്‍. ബി. കുറുപ്പ്‌
10. രതീഷ്‌. ആര്‍
11. എം.ബി. വിജയകുമാരി
ലൈബ്രറി കൗണ്‍സില്‍ പ്രതിനിധികളായി ശ്രീ. എസ്‌ .രാധാകൃഷ്‌ണന്‍, ശ്രീ.സുധീര്‍ലാല്‍ .എസ്‌.എസ്‌. എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

ഓണാഘോഷം
2012 ഓഗസ്റ്റ്‌ 28, 29 തീയതികളില്‍ ലൈബ്രറി അങ്കണത്തില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളോടെയാണ്‌ ഈ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്‌. കഴിഞ്ഞ 3 വര്‍ഷങ്ങളായി മുടങ്ങാതെ നടന്നുവരുന്ന ഓണാഘോഷ പരിപാടികളില്‍ വലിയ ജനപങ്കാളിത്തമുണ്ടായി എന്നത്‌ ശ്രദ്ധേയമാണ്‌. യുവജനങ്ങളും വിദ്യാര്‍ത്ഥികളും മത്സരങ്ങളില്‍ സജീവമായി പങ്കെടുത്തു. ചിറക്കര ഗവ. ഹൈസ്‌കൂളില്‍നിന്നും കഴിഞ്ഞ മൂന്ന്‌ വര്‍ഷങ്ങളില്‍ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക്‌ നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു.

റീഡിംഗ്‌ റൂം നവീകരണം
ലൈബ്രറിയുടെ റീഡിംഗ്‌ റൂമില്‍ ലൈബ്രറി പ്രവര്‍ത്തനമാരംഭിച്ച കാലത്തുമുതലുള്ള ബഞ്ചും ഡസ്‌ക്കുമാണ്‌ ഉണ്ടായിരുന്നത്‌. ഇത്‌ മാറ്റി പുതിയ ഫര്‍ണിച്ചറുകള്‍ സ്ഥാപിക്കുകയും റീഡിംഗ്‌ റൂം നവീകരിക്കുകയും ചെയ്‌തു. റീഡിംഗ്‌ റൂം നവീകരണത്തിന്റെ രണ്ടാം ഘട്ടത്തില്‍ വായനശാലാ മന്ദിരത്തിന്റെ താഴത്തെ നില മുഴുവന്‍ ടൈല്‍ പാകുന്ന ജോലി ലൈബ്രറി ഭരണസമിതിയുടെ അഭ്യര്‍ത്ഥന മാനിച്ച്‌ ശ്രീ. ബിനു (പഴവിള) സ്‌പോണ്‍സര്‍ ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്‌ ലൈബ്രറി ഭരണസമിതിയുടെ പ്രത്യേക നന്ദി അറിയിക്കുന്നു.വായനശാലാ മന്ദിരത്തിന്‍െറ രണ്ടാംനിലയിലേയ്‌ക്കുള്ള ചവിട്ടുപടിയ്‌ക്ക്‌ മേല്‌ക്കൂര നിര്‍മ്മിയ്‌ക്കാനും കഴിഞ്ഞു.

കരിയര്‍ ഗൈഡന്‍സ്‌ സെന്റര്‍

യുവജനങ്ങളെ മത്സരപരീക്ഷകള്‍ക്ക്‌ പ്രാപ്‌തരാക്കുക എന്ന ഉദ്ദേശ്യത്തോടെ ലൈബ്രറി പഠനകേന്ദ്രത്തില്‍ ഒരു കരിയര്‍ ഗൈഡന്‍സ്‌ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. വിവിധ മത്സരപ്പരീക്ഷകളെക്കുറിച്ചും തൊഴിലവസരങ്ങളെക്കുറിച്ചുമുള്ള അവബോധം വളര്‍ത്തുന്നതിനും മത്സരപ്പരീക്ഷകള്‍ക്ക്‌ തയ്യാറാകാന്‍ കൂട്ടായ പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും സൗകര്യമൊരുക്കിക്കൊണ്ടാണ്‌ ഈ സംരംഭത്തിന്‌ തുടക്കം കുറിച്ചിട്ടുള്ളതെങ്കിലും ഇക്കാര്യത്തില്‍ യുവജനങ്ങളുടെ പങ്കാളിത്തം വേണ്ടരീതിയില്‍ ഉണ്ടായിട്ടില്ല എന്ന്‌ പറയേണ്ടിയിരിക്കുന്നു.


പുസ്‌തകങ്ങളുടെ കണക്കെടുപ്പ്‌

ഗ്രന്ഥശാലയിലെ പുസ്‌തകശേഖരത്തിന്റെ കണക്കെടുപ്പ്‌ നടത്തണമെന്ന്‌ ഭരണസമിതി തീരുമാനിക്കുകയും ഈ ശ്രമകരമായ ദൗത്യം പൂര്‍ത്തീകരിക്കുകയും ചെയ്‌തു. നശിച്ചുപോവുകയും നഷ്‌ടപ്പെട്ടതുമായ പുസ്‌തകങ്ങള്‍ കാലക്രമത്തില്‍ അവ ലഭ്യമാകുന്ന മുറയ്‌ക്ക്‌ പുനഃസ്ഥാപിക്കാന്‍ ശ്രമം നടത്തേണ്ടതുണ്ട്‌. 

മെഡിക്കല്‍ ക്യാമ്പുകള്‍
ലൈബ്രറിയുടേയും പാരിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലൈബ്രറിയില്‍വച്ച്‌ ഒരു സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌ നടത്തുകയുണ്ടായി. ഇതോടനുബന്ധിച്ച്‌ രക്തഗ്രൂപ്പ്‌ നിര്‍ണ്ണയം, ജീവിതശൈലീരോഗ നിര്‍ണ്ണയം എന്നിവയും സംഘടിപ്പിച്ചു.
പാരിപ്പള്ളി ഗള്‍ഫ്‌ ലബോറട്ടറിയുമായി സഹകരിച്ച്‌ ലൈബ്രറിയില്‍ ഒരു പ്രമേഹരോഗനിര്‍ണ്ണയ ക്യാമ്പ്‌ നടത്തുകയുണ്ടായി. വിവിധ ജീവിതശൈലീ രോഗങ്ങള്‍ ലാബ്‌ പരിശോധനയിലൂടെ കണ്ടുപിടിക്കുന്നതിനും തുടക്കത്തില്‍ത്തന്നെ ചികിത്സ ആരംഭിക്കുന്നതിനും പ്രയോജനകരമായിത്തീര്‍ന്ന പ്രസ്‌തുത ക്യാമ്പില്‍ വന്‍തോതിലുള്ള ജനപങ്കാളിത്തം ഉണ്ടായി.
യുവജനക്ഷേമ ബോര്‍ഡ്‌, നെഹ്‌റു യുവകേന്ദ്ര
നമ്മുടെ ഗ്രന്ഥശാലയ്‌ക്ക്‌ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്‌, നെഹ്രു യുവകേന്ദ്ര എന്നിവയുടെ അഫിലിയേഷന്‍ നേടിയെടുക്കാന്‍ ഈ ഭരണസമിതിക്ക്‌ കഴിഞ്ഞു. നെഹ്രുയുവകേന്ദ്രയില്‍നിന്ന്‌ സ്‌പോര്‍ട്‌സ്‌ കിറ്റും യുവജനക്ഷേമ ബോര്‍ഡില്‍നിന്ന്‌ പരിപാടികള്‍ക്കുള്ള ധനസഹായവും വിവിധ പരിശീലന പരിപാടികളില്‍ ഗ്രന്ഥശാലാ പ്രതിനിധികള്‍ക്ക്‌ പങ്കെടുക്കുന്നതിനുള്ള അവസരവും ലഭിച്ചുവരുന്നു.

കമ്പ്യൂട്ടര്‍ പഠനകേന്ദ്രം
ഈ ഭരണസമിതിയുടെ പ്രധാനപ്പെട്ട ഒരു പ്രവര്‍ത്തനമായിരുന്നു ഗ്രന്ഥശാലയില്‍ സ്ഥാപിതമായ കമ്പ്യൂട്ടര്‍ പഠനകേന്ദ്രം. ഗ്രന്ഥശാലയില്‍ 4 വര്‍ഷത്തിലധികമായി പ്രവര്‍ത്തനമില്ലാതെ സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടറുകള്‍ പൊതുജനോപകാരപ്രദമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കമ്പ്യൂട്ടര്‍ പഠനകേന്ദ്രം തുടങ്ങുന്നതിനെപ്പറ്റി ആലോചിച്ചത്‌. വിവരസാങ്കേതികവിദ്യയുടെ ജനപക്ഷ പ്രയോഗം എന്ന ആശയത്തിലൂന്നിയാണ്‌ ഈ സംരംഭത്തിന്‌ തുടക്കം കുറിച്ചത്‌. കമ്പ്യൂട്ടറിന്റെ പ്രാഥമിക പരിജ്ഞാനം ഏവര്‍ക്കും സാധ്യമാവുക എന്ന ഉദ്ദേശ്യത്തോടുകൂടി ആരംഭിച്ച അടിസ്ഥാന പരിശീലനകോഴ്‌സ്‌ മുതലുള്ള കോഴ്‌സുകള്‍ ഈ പഠനപദ്ധതിയില്‍ ഉല്‍പ്പെടുത്തി. ഈ പദ്ധതി നടപ്പിലാക്കുന്നതിന്‌ ഒരു സ്വകാര്യ സംരംഭകന്റെ സേവനം തേടണമെന്ന ഭരണസമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇതുസംബന്ധിച്ച പരസ്യം പൊതുഇടങ്ങളിലും നോട്ടീസ്‌ ബോര്‍ഡിലും ഗ്രന്ഥശാലയുടെ ബ്ലോഗിലും പരസ്യപ്പെടുത്തി. എന്നാല്‍ ഒരു അപേക്ഷമാത്രമാണ്‌ ഇതിനായി ലഭിച്ചത്‌. തുടര്‍ന്ന്‌ സംരംഭകനുമായി കരാറിലേര്‍പ്പെടുകയും 2012 ഡിസംബര്‍ 29 ന്‌ ബഹു. എം.എല്‍.എ. ശ്രീ. ജി.എസ്‌. ജയലാല്‍ പദ്ധതി ഉദ്‌ഘാടനം ചെയ്യുകയും ചെയ്‌തു.
തികച്ചും സൗജന്യമായി സര്‍ക്കാര്‍ അംഗീകൃത ഡി.റ്റി.പി. കോഴ്‌സ്‌ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെ നടപ്പിലാക്കുവാന്‍ നമുക്ക്‌ കഴിഞ്ഞുവെങ്കിലും നമ്മുടെ യുവജനങ്ങളും രക്ഷിതാക്കളും ഈ പഠനപദ്ധതിയുമായി സഹകരിച്ചില്ല എന്നത്‌ തികച്ചും ഖേദകരമാണ്‌. നഷ്‌ടം വര്‍ദ്ധിച്ചുവന്നതോടെ സംരംഭകര്‍ പിന്‍വാങ്ങിയ സാഹചര്യത്തിലാണ്‌ കമ്പ്യൂട്ടര്‍ പഠനകേന്ദ്രം ഭരണസമിതിക്ക്‌ നിര്‍ത്തലാക്കേണ്ടിവന്നത്‌.

അവധിക്കാല ക്യാമ്പ്‌, പഠന പദ്ധതികള്‍
കുട്ടികള്‍ക്കുവേണ്ടി ലൈബ്രറി ഒരു പഠന-വിനോദ ക്യാമ്പും വിവിധ കലാപഠന പദ്ധതികളും ആവിഷ്‌ക്കരിച്ച്‌ നടപ്പിലാക്കുകയുണ്ടായി. കുട്ടികളുടെ കലാപരവും വൈജ്ഞാനികവുമായ കഴിവുകളുടെ ഒരു തേച്ചുമിനുക്കലും പുത്തന്‍ അറിവുകളിലേയ്‌ക്കും വികസിതമായ വ്യക്തിത്വത്തിലേയ്‌ക്കും വഴികാട്ടാനും ലക്ഷ്യമിട്ടുകൊണ്ട്‌ 2013 ഏപ്രില്‍ 7 മുതല്‍ സംഘടിപ്പിച്ച അവധിക്കാല പഠനക്യാമ്പ്‌ കുട്ടികളുടെ സജീവമായ പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായിത്തീര്‍ന്നു. കലാ-സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരാണ്‌ ക്ലാസ്സുകള്‍ നയിച്ചത്‌.
2014, 2015 വര്‍ഷങ്ങളില്‍ അവധിക്കാല ക്യാമ്പുകള്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല. പകരമായി 2014 വര്‍ഷത്തില്‍ കുട്ടികള്‍ക്കായി വിവിധ കലാപഠന പദ്ധതികള്‍ ലൈബ്രറി പഠനകേന്ദ്രത്തില്‍ ആരംഭിച്ചു. സംഗീതം, ചിത്രകല, നൃത്തം എന്നിവ പഠനകേന്ദ്രത്തില്‍ പരിശീലിപ്പിച്ചുവരുന്നു. സംഗീതപഠനം ശ്രീ. സതീശന്റെയും ചിത്രകലാപഠനം ശ്രീ. ബിജു ചാത്തന്നൂരിന്റെയും നൃത്തപഠനം ശ്രീമതി. ഗീത ടീച്ചറിന്റെയും നേതൃത്വത്തിലാണ്‌ നടന്നുവരുന്നത്‌.

യോഗപഠനം

യുവജനങ്ങളുടെ മാനസിക-ശാരീരിക ആരോഗ്യം പരിപാലിക്കുന്നതിനായി ലൈബ്രറി പഠനകേന്ദ്രത്തില്‍ യോഗ പഠനക്ലാസ്സ്‌ നടന്നുവരുന്നു. കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി സൗജന്യമായി യോഗ പരിശീലനം നല്‍കിവരുന്ന ശ്രീ. ബാബുരാജനോടുള്ള ലൈബ്രറി ഭരണസമിതിയുടെ നന്ദി അറിയിക്കുന്നു.

സോഷ്യല്‍ മീഡിയ

ഫെയ്‌സ്‌ ബുക്ക്‌, ബ്ലോഗ്‌ തുടങ്ങിയ നവമാധ്യമങ്ങളെ ഗ്രന്ഥശാല സജീവമായി ഉപയോഗിച്ചുവരുന്നു. ഗ്രന്ഥശാലാ വാര്‍ത്തകള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതിനും ഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ അവബോധമുണ്ടാക്കുന്നതിനുമാണ്‌ ഇപ്പോള്‍ നാം അവ പ്രയോജനപ്പെടുത്തുന്നത്‌. യുവജനങ്ങളില്‍ സദ്‌ചിന്ത വളര്‍ത്തുന്നതിനും മദ്യം, പുകവലി, മയക്കുമരുന്ന്‌, സാമൂഹ്യതിന്മകള്‍ എന്നിവയില്‍നിന്ന്‌ അകന്നു നില്‍ക്കുന്നതിനും നവീനമായ സാംസ്‌ക്കാരിക ബോധം വളര്‍ത്തിയെടുക്കുന്നതിനുംവേണ്ടി ഈ മാധ്യമങ്ങളെ നാം ഉപയോഗിക്കേണ്ടതുണ്ട്‌. ഇക്കാര്യത്തില്‍ ഒരു തുടക്കം കുറിക്കാന്‍ മാത്രമേ നമുക്ക്‌ കഴിഞ്ഞിട്ടുള്ളൂ.

ബാലവേദി

ഗ്രന്ഥശാലയില്‍ ഒരു ബാലവേദി പ്രവര്‍ത്തിച്ചുവരുന്നു. എന്നാല്‍, ബാലവേദിയുടെ പ്രവര്‍ത്തനം വേണ്ടത്ര സജീവമാണെന്ന്‌ പറയുകവയ്യ. അവധിക്കാല ക്യാമ്പ്‌, ഗ്രന്ഥശാലയുടെ മറ്റ്‌ സാംസ്‌ക്കാരിക പരിപാടികള്‍ എന്നിവയോട്‌ അനുബന്ധിച്ചുമാത്രമാണ്‌ ബാലവേദിയുടെ സാന്നിദ്ധ്യം ഉണ്ടാകാറുള്ളത്‌. ഫലപ്രദമായി ബാലവേദി പുനഃസംഘടിപ്പിച്ച്‌ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കേണ്ടതുണ്ട്‌. ബാലവേദി പ്രസിഡന്റായി കുമാരി ആര്യയും സെക്രട്ടറിയായി മാസ്റ്റര്‍ കിരണും പ്രവര്‍ത്തിച്ചുവരുന്നു.

യുവജനവേദി
ഗ്രന്ഥശാലയുടെ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ക്ക്‌ കൂടുതല്‍ പങ്കാളിത്തമുണ്ടാക്കുന്നതിനും യുവജനങ്ങളുടെ ആശയഗതിയ്‌ക്ക്‌ അനുസൃതമായ പരിപാടികള്‍ ആവിഷ്‌ക്കരിച്ച്‌ നടപ്പിലാക്കുന്നതിനുമായി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ഒരു യുവജനവേദി രൂപീകരിക്കുകയുണ്ടായി. ഇതുസംബന്ധിച്ച്‌ കൂടിയ ആലോചനായോഗത്തില്‍നിന്നും 15 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. നെഹ്‌റു യുവകേന്ദ്രയില്‍നിന്നും അനുവദിച്ച സ്‌പോര്‍ട്‌സ്‌ കിറ്റ്‌ യോഗത്തില്‍വച്ച്‌ ഭാരവാഹികള്‍ക്ക്‌ കൈമാറി. എന്നാല്‍ യുവജനവേദി ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ തികച്ചും ഉത്തരവാദിത്വരഹിതമായി പെരുമാറിയതിനാല്‍ പ്രവര്‍ത്തനങ്ങള്‍ ഒരുതരത്തിലും മുന്നോട്ടുപോയിട്ടില്ല. ഗ്രന്ഥശാലയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക്‌ വഹിക്കേണ്ട യുവജനങ്ങളുടെ ഇവ്വിധത്തിലുള്ള സമീപനം ദൗര്‍ഭാഗ്യകരവും ഖേദകരവുമാണ്‌.

കര്‍ഷകവേദി
ഈ ഭരണസമിതിയുടെ പ്രവര്‍ത്തന കാലയളവില്‍ ലൈബ്രറിയുടെ അനുബന്ധ സംഘടനകളില്‍ ഏറ്റവും ഫലപ്രദമായും സ്‌തുത്യര്‍ഹമായും പ്രവര്‍ത്തിച്ചത്‌ കര്‍ഷകവേദിയാണ്‌. കര്‍ഷകവേദി പ്രസിഡന്റായി ശ്രീ. ശ്രീധരന്‍പിള്ളയും സെക്രട്ടറിയായി ശ്രീ. അപ്പുക്കുട്ടന്‍പിള്ളയും പ്രവര്‍ത്തിച്ചുവരുന്നു.
കര്‍ഷകവേദിയുടെ ആഭിമുഖ്യത്തില്‍ രണ്ട്‌ കാര്‍ഷിക സെമിനാറുകള്‍ ലൈബ്രറി പഠനകേന്ദ്രത്തില്‍വച്ച്‌ നടത്തുകയുണ്ടായി. അതില്‍ ജൈവപച്ചക്കറികൃഷിയെക്കുറിച്ചുള്ള സെമിനാര്‍ കര്‍ഷകര്‍ക്ക്‌ പുതിയ അവബോധം നല്‍കുന്നതായിരുന്നു. ജൈവകൃഷിയെക്കുറിച്ചുള്ള ബോധവല്‍ക്കരണം മാത്രം പോര, അത്‌ പ്രായോഗികതലത്തില്‍ നടപ്പിലാക്കിക്കാട്ടണം എന്ന കര്‍ഷകവേദി പ്രവര്‍ത്തകരുടെ തീരുമാനമാണ്‌ ഒന്നര ഏക്കറില്‍ ഒരു ജൈവ പച്ചക്കറിത്തോട്ടം എന്ന ആശയത്തിലേയ്‌ക്ക്‌ നയിച്ചത്‌. അത്‌ പ്രായോഗികതലത്തില്‍ വിജയകരമായി നടപ്പിലാക്കാന്‍ ഒരു പ്രത്യേക സമിതി രൂപീകരിച്ച്‌ പ്രവര്‍ത്തനമാരംഭിച്ചു.
കര്‍ഷകവേദി പ്രസിഡന്റ്‌ ശ്രീ. ശ്രീധരന്‍പിള്ള, സെക്രട്ടറി ശ്രീ. അപ്പുക്കുട്ടന്‍പിള്ള, പ്രോജക്‌ട്‌ കണ്‍വീനര്‍ ശ്രീ. രാജേന്ദ്രന്‍പിള്ള, പ്രോജക്‌ട്‌ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. മനോജ്‌ എന്നിവരാണ്‌ 10 അംഗ കര്‍ഷക സംഘത്തിന്‌ നേതൃത്വം നല്‍കിയത്‌. സര്‍വ്വശ്രീ. എസ്‌. രാധാകൃഷ്‌ണന്‍, രാജേഷ്‌. ആര്‍, ബി. രാധാകൃഷ്‌ണപിള്ള, കെ. ഭാസ്‌കരന്‍പിള്ള, സി. ഗോപാലകൃഷ്‌ണപിള്ള, ജി. ചന്ദ്രന്‍പിള്ള എന്നിവര്‍ പ്രോജക്‌ട്‌ കമ്മിറ്റിയില്‍ അംഗങ്ങളായിരുന്നു. വിദേശ മലയാളിയായ ശ്രീ. വാസുപിള്ള പാട്ടരഹിതമായി നല്‍കിയ രണ്ട്‌ ഏക്കര്‍ തരിശ്‌ ഭൂമിയിലാണ്‌ കൃഷി നടത്തിയത്‌. അദ്ദേഹത്തോട്‌ ഭരണസമിതിക്കുള്ള പ്രത്യേക നന്ദി അറിയിക്കുന്നു.
കൃഷിവകുപ്പിന്റെ ഇന്‍സ്റ്റിറ്റിയൂഷണല്‍ വെജിറ്റബിള്‍ കള്‍ട്ടിവേഷന്‍ എന്ന പ്രോജക്‌ടില്‍ ഈ പദ്ധതി ഉള്‍പ്പെടുത്തി ധനസഹായം അനുവദിക്കുന്നതിലും പ്രായോഗികമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിലും കൃഷിവകുപ്പ്‌ ഉദ്യോഗസ്ഥര്‍ വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. ജില്ലയിലെ ഏറ്റവും മികച്ച ജൈവപച്ചക്കറിത്തോട്ടത്തിനുള്ള അവാര്‍ഡ്‌ ലൈബ്രറിയുടെ ഈ പ്രോജക്‌ടിന്‌ ലഭിച്ചു. ബഹുമാനപ്പെട്ട കൃഷി മന്ത്രി ശ്രീ.കെ.പി. മോഹനന്‍ കര്‍ഷക വേദി പ്രവര്‍ത്തകരെ കല്ലുവാതുക്കല്‍ ചേര്‍ന്ന ചടങ്ങില്‍ വച്ച്‌ സര്‍ട്ടിഫിക്കറ്റും ഉപഹാരവും നല്‌കി ആദരിച്ചു. പൊതുസമൂഹത്തിന്‌ മാതൃകയാകുന്ന തരത്തില്‍ ഇത്തരം ഒരു പ്രോജക്‌ട്‌ ആവിഷ്‌ക്കരിച്ച്‌ നടപ്പിലാക്കിയ കര്‍ഷകവേദി പ്രവര്‍ത്തകരെ ഭരണസമിതിയുടെ അഭിനന്ദനം അറിയിക്കുന്നു.

വനിതാവേദി

ഗ്രന്ഥശാലയില്‍ ഇപ്പോള്‍ ഒരു വനിതാവേദി രൂപീകരിച്ച്‌ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്‌. വനിതാവേദി രൂപീകരണത്തോടനുബന്ധിച്ച്‌ വിളിച്ചുചേര്‍ത്ത പൊതുയോഗത്തില്‍ അന്‍പതോളം വനിതകള്‍ പങ്കെടുത്തു. പ്രസ്‌തുത പൊതുയോഗത്തില്‍നിന്നും 20 അംഗങ്ങളുള്ള ഒരു എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയെ തെരഞ്ഞെടുത്തു. വേദിയുടെ പ്രസിഡന്റായി ശ്രീമതി. വിജയകുമാരിയെയും സെക്രട്ടറിയായി ശ്രീമതി. സന്ധ്യയെയും തിരഞ്ഞെടുത്തിട്ടുണ്ട്‌. വനിതാവേദി കൂടുതല്‍ പരിപാടികള്‍ ആവിഷ്‌ക്കരിച്ച്‌ നടപ്പിലാക്കേണ്ടതുണ്ട്‌.

വൃക്ഷത്തൈ വിതരണം

സംസ്ഥാന വനം വകുപ്പിന്റെ സഹകരണത്തോടെ ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ കഴിഞ്ഞ മൂന്ന്‌ വര്‍ഷങ്ങളായി ഗ്രന്ഥശാല പൊതുജനങ്ങള്‍ക്ക്‌ സൗജന്യമായി വൃക്ഷത്തൈ വിതരണം ചെയ്‌തുവരുന്നു. തേക്ക്‌, ഈട്ടി, മഹാഗണി, ചന്ദനം, വേപ്പ്‌, നെല്ലി, പൂവരശ്‌, നീര്‍മരുത്‌, കണിക്കൊന്ന, സീതപ്പഴം, അഗസ്‌തി, കരിങ്ങാലി, പേര, മാതളം, താന്നി, മരുത്‌, രക്തചന്ദനം, കുമ്പിള്‍, വുഡ്‌ ആപ്പിള്‍ തുടങ്ങിയ ഇനങ്ങളില്‍പ്പെട്ട ആയിരം തൈകളാണ്‌ ഓരോ വര്‍ഷവും വിതരണം ചെയ്‌തു പോരുന്നത്‌.

പച്ചക്കറി വിത്ത്‌ വിതരണം

സംസ്ഥാന കൃഷിവകുപ്പിന്റെ സഹകരണത്തോടെ 2013 ജൂണ്‍ 23 ന്‌ ലൈബ്രറി അങ്കണത്തില്‍വച്ച്‌ പൊതുജനങ്ങള്‍ക്ക്‌ സൗജന്യമായി പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്‌തു. അത്യുല്‌പാദനശേഷിയുള്ള അഞ്ചിനം വിത്തുകളാണ്‌ വിതരണം ചെയ്‌തത്‌.
സൗജന്യ വൃക്ഷത്തൈ വിതരണത്തിന്‌ വേണ്ട സഹായം നല്‍കിയ വനം വകുപ്പിനും സൗജന്യ പച്ചക്കറിവിത്ത്‌ വിതരണത്തിന്‌ വേണ്ട സഹായം നല്‍കിയ സംസ്ഥാന കൃഷിവകുപ്പിനും ഗ്രന്ഥശാലയുടെ പ്രത്യേക നന്ദി അറിയിക്കുന്നു.

സൗജന്യ നേത്രാരോഗ്യക്യാമ്പും തിമിര ശസ്‌ത്രക്രിയയും
ഗ്രന്ഥശാലയുടെയും ക്വയിലോണ്‍ സെന്‍ട്രല്‍ ലയണ്‍സ്‌ ക്ലബ്ബിരോഗ്യക്യാമ്പും തിമിരശസ്‌ത്രക്രിയയുംന്റെയും സംയുക്താഭിമുഖ്യത്തില്‍ തിരുനെല്‍വേലി അരവിന്ദ്‌ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രാരോഗ്യക്യാമ്പും തിമിര ശസ്‌ത്രക്രിയയും നടത്തി. നേത്രാരോഗ്യ ക്യാമ്പ്‌ ബഹു. എം. എല്‍. എ. ശ്രീ. ജി. എസ്‌. ജയലാല്‍ ഉദ്‌ഘാടനം ചെയ്‌തു. ക്വയിലോണ്‍ സെന്‍ട്രല്‍ ലയണ്‍സ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ ശ്രീ. സജി. എസ്‌. നായര്‍ അദ്ധ്യക്ഷനായിരുന്നു. വമ്പിച്ച ജനപങ്കാളിത്തമാണ്‌ ക്യാമ്പില്‍ ഉണ്ടായിരുന്നത്‌. ക്യാമ്പില്‍ നിന്നും തിരഞ്ഞെടുത്ത 45 തിമിരരോഗികളെ തിരുനെല്‍വേലി അരവിന്ദ്‌ കണ്ണാശുപത്രിയില്‍്‌ കൊണ്ടുപോയി സൗജന്യമായി തിമിര ശസ്‌ത്രക്രിയ നടത്തി. രോഗികളുടെ ചികിത്സ, യാത്രാചെലവ്‌, ഭക്ഷണം എന്നിവയെല്ലാംതന്നെ പൂര്‍ണ്ണമായും സൗജന്യമായി നല്‍കി. ഈ നേത്രാരോഗ്യക്യാമ്പ്‌ ഗ്രന്ഥശാലയുടെയും ലയണ്‍സ്‌ ക്ലബ്ബിന്‍െറയും സംയുക്താഭിമുഖ്യത്തില്‍ ചിറക്കര ഗവ. ഹൈസ്‌ക്കൂളില്‍ വച്ചു നടത്താന്‍ തയ്യാറായ ക്വയിലോണ്‍ സെന്‍ട്രല്‍ ലയണ്‍സ്‌ ക്ലബ്ബിനോടും പ്രത്യേകിച്ച്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ ശ്രീ. സജിയോടും ക്യാമ്പ്‌ വിജയകരമായി നടത്താന്‍ സഹായിച്ച നാട്ടുകാരോടും ചിറക്കര ഗവ. ഹൈസ്‌ക്കൂളില്‍ ക്യാമ്പിന്‌ ആവശ്യമായ സൗകര്യങ്ങള്‍ നല്‍കിയ സ്‌കൂള്‍ അധികൃതരോടും ഗ്രന്ഥശാല ഭരണസമിതിയുടെ പ്രത്യേകമായ നന്ദി അറിയിക്കുന്നു.
ധനസഹായം
സംസ്ഥാനയുവജനക്ഷേമബോര്‍ഡ്‌, ക്വയിലോണ്‍ സെന്‍ട്രല്‍ ലയണ്‍സ്‌ ക്ലബ്ബ്‌ എന്നീ സംഘടനകളില്‍ നിന്നും ഗ്രന്ഥശാലയ്‌ക്ക്‌ ഈ വര്‍ഷം ധനസഹായം ലഭിക്കുകയുണ്ടായി. നേത്രാരോഗ്യ ക്യാമ്പ്‌ വിജയകരമായി സംഘടിപ്പിച്ചതിന്‌ ഗ്രന്ഥശാലാ ഭാരവാഹികളെ ക്വയിലോണ്‍ സെന്‍ട്രല്‍ ലയണ്‍സ്‌ ക്ലബ്ബ്‌ അവരുടെ പ്രത്യേക യോഗത്തിലേയ്‌ക്കു ക്ഷണിച്ച്‌ അഭിനന്ദനമറിയിക്കുകയും യോഗത്തില്‍വച്ച്‌ ക്വയിലോണ്‍ സെന്‍ട്രല്‍ ലയണ്‍സ്‌ ക്ലബ്ബിന്റെ വകയായി പതിമൂവായിരം രൂപയും 11000 രൂപയുടെ പുസ്‌തകങ്ങളും ഗ്രന്ഥശാലയ്‌ക്ക്‌ സമ്മാനിക്കുകയും ചെയ്‌തു.
സംസ്ഥാന യുവജനക്ഷേമബോര്‍ഡ്‌ ഓണാഘോഷത്തിന്‌ ഗ്രന്ഥശാലയ്‌ക്ക്‌ ധനസഹായവും നെഹ്‌റു യുവകേന്ദ്ര, കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത്‌ എന്നിവ സ്‌പോര്‍ട്‌സ്‌ കിറ്റും ഗ്രന്ഥശാലയ്‌ക്ക്‌ നല്‍കുകയുണ്ടായി. മേല്‍പ്പറഞ്ഞ സംഘടനകളോടും പഞ്ചായത്ത്‌ അധികാരികളോടും ഇക്കാര്യത്തില്‍ ഗ്രന്ഥശാലയ്‌ക്കുള്ള നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.

മികച്ച യൂത്ത്‌ ക്ലബ്ബിനുള്ള അവാര്‍ഡ്‌
കൊല്ലം ജില്ലയിലെ ഏറ്റവും മികച്ച യൂത്ത്‌ ക്ലബിനുള്ള 2012-13 വര്‍ഷത്തെ അവാര്‍ഡ്‌ നമ്മുടെ ഗ്രന്ഥശാലയ്‌ക്ക്‌ ലഭിച്ചു എന്നത്‌ തികച്ചും അഭിമാനകരമാണ്‌. 30000 രൂപയും പ്രശസ്‌തിപത്രവും ശില്‌പ്പവും അടങ്ങിയ അവാര്‍ഡ്‌ കോട്ടയം കളക്‌ട്രേറ്റില്‍വച്ച്‌ ബഹു. മുഖ്യമന്ത്രി. ശ്രീ. ഉമ്മന്‍ചാണ്ടി മുഖ്യാതിഥിയായ ചടങ്ങില്‍ മന്ത്രി ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ലൈബ്രറി പ്രവര്‍ത്തകര്‍ക്ക്‌ സമ്മാനിച്ചു.

നവീകരിച്ച പോര്‍ട്രൈറ്റ്‌ ഗാലറി
നമ്മുടെ ഗ്രന്ഥശാലയില്‍ സ്ഥാപിതമായിട്ടുള്ള, സ്വതന്ത്രഭാരതത്തിന്‌ ഗണ്യമായ സംഭാവനകള്‍ ചെയ്‌ത 20 മഹാന്മാരുടെ ഛായാചിത്രങ്ങള്‍ രണ്ടാം നിലയിലേയ്‌ക്ക്‌ മാറ്റി പുനഃസ്ഥാപിച്ചു. നവീകരിച്ച പോര്‍ട്രൈറ്റ്‌ ഗാലറിയുടെ ഉദ്‌ഘാടന ചടങ്ങില്‍ ഈ ഛായാചിത്രങ്ങള്‍ വരച്ച ശ്രീ. ബിജു ചാത്തന്നൂരിനെ ആദരിച്ചു.

പെര്‍ഫോമന്‍സ്‌ ഗ്രാന്റ്‌
ഈ ഗ്രന്ഥശാലയുടെ ചരിത്രത്തിലാദ്യമായി ഈ ഭരണസമിതിയുടെ കാലയളവില്‍ ലൈബ്രറി കൗണ്‍സിലില്‍നിന്നും പെര്‍ഫോര്‍മന്‍സ്‌ ഗ്രാന്റ്‌ ലഭിച്ചു വരുന്നു. ഇതോടെ താലൂക്ക്‌ ലൈബ്രറി കൗണ്‍സിലിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ട കഴിഞ്ഞ 2 വര്‍ഷമായി ഫെര്‍ഫോര്‍മന്‍സ്‌ ഗ്രാന്റ്‌ ലഭിച്ചുവരുന്ന ജില്ലയിലെ ഏതാനും ലൈബ്രറികളില്‍ ഒന്നായിത്തീര്‍ന്നു നമ്മുടെ സ്ഥാപനം.

എ ഗ്രേഡ്‌
ഈ ഭരണസമിതിയുടെ കാലത്ത്‌ നമ്മുടെ ലൈബ്രറി എ ഗ്രേഡ്‌ ലൈബ്രറിയായി ഉയര്‍ത്തപ്പെട്ടു എന്ന വസ്‌തുത റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ഞങ്ങള്‍ക്ക്‌ അതിയായ സന്തോഷമുണ്ട്‌. ഇന്ന്‌ നമ്മുടെ ലൈബ്രറിയില്‍ 8000 ല്‍ അധികം പുസ്‌തകങ്ങളുണ്ട്‌. എ ഗ്രേഡ്‌ ലൈബ്രറിക്ക്‌ ആവശ്യമായ സൗകര്യങ്ങള്‍ നാം ഇതിനകം കൈവരിച്ചു കഴിഞ്ഞു.

ചുവട്‌
ഈ ഭരണസമിതി ലൈബ്രറിയില്‍നിന്നും ഒരു വാര്‍ഷിക പ്രസിദ്ധീകരണം ആരംഭിക്കുന്നതിന്‌ തീരുമാനിക്കുകയും രണ്ട്‌ ലക്കങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. സാഹിത്യ-സാംസ്‌ക്കാരിക-സാമൂഹ്യ വിഷയങ്ങളെ ആഴത്തില്‍ അപഗ്രഥിക്കുന്ന ലേഖനങ്ങളാണ്‌ ഈ പ്രസിദ്ധീകരണത്തിന്റെ ഉള്ളടക്കമായി തീരുമാനിച്ചിരിക്കുന്നത്‌. 288 പേജുകളുള്ള, പുസ്‌തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്ന `ചുവടി'ന്റെ ഒന്നാം ലക്കം വിഷയമാക്കിയത്‌ നമ്മുടെ ദേശത്തിന്റെ ചരിത്രവും സംസ്‌ക്കാരവുമായിരുന്നു. ദേശവാസികള്‍തന്നെ സ്വദേശത്തിന്റെ ചരിത്രവും സംസ്‌ക്കാരവും സ്വന്തം കാഴ്‌ച്ചപ്പാടില്‍ രേഖപ്പെടുത്തുന്ന അപൂര്‍വതയായിരുന്നു ഒന്നാം ലക്കത്തിന്റെ സവിശേഷത. ഒന്നാം ലക്കത്തിന്‌ ദേശവാസികളില്‍നിന്നും വായനക്കാരില്‍നിന്നും ആവേശകരമായ സ്വീകരണമാണ്‌ ലഭിച്ചത്‌. 
`ചുവടി'ന്റെ രണ്ടാം ലക്കം ഇപ്പോഴും വില്‍പ്പന തുടര്‍ന്നുവരികയാണ്‌. രണ്ടാം ലക്കത്തില്‍ മലയാളത്തിലെ പ്രമുഖ എഴുത്തുകാര്‍ നമ്മോട്‌ സഹകരിച്ചു എന്നത്‌ തികച്ചും അഭിമാനകരമായ വസ്‌തുതയാണ്‌. കൊല്ലം പുസ്‌തകോത്സവത്തില്‍ നമുക്ക്‌ കൗണ്‍സില്‍ ഒരു പ്രത്യേക വില്‍പ്പന ഡസ്‌ക്‌ അനുവദിച്ചു തരികയുണ്ടായി. ഇതോടെ, സ്വന്തം പുസ്‌തകവുമായി പുസ്‌തകോത്സവത്തില്‍ പങ്കെടുക്കുന്ന ജില്ലയിലെ ആദ്യത്തെ ലൈബ്രറിയായിത്തീര്‍ന്നു ചിറക്കര പബ്ലിക്‌ ലൈബ്രറി. കൊല്ലത്തിന്റെ സാംസ്‌ക്കാരിക രംഗത്തും ഗ്രന്ഥശാലാ പ്രവര്‍ത്തകരുടെ ഇടയിലും നമ്മുടെ ഗ്രന്ഥശാലയ്‌ക്ക്‌ ശ്രദ്ധേയമായ സ്ഥാനം നേടാന്‍ `ചുവടി'ന്റെ പ്രസിദ്ധീകരണവും പുസ്‌തകോത്സവത്തിലെ പങ്കാളിത്തവും ഉപകരിച്ചു എന്നത്‌ എടുത്തുപറയേണ്ടതാണ്‌.
`ചുവട്‌' ഒന്നും രണ്ടും ലക്കങ്ങളുടെ പ്രകാശനചടങ്ങുകളും മികച്ച സാംസ്‌ക്കാരിക പരിപാടികളായിത്തീര്‍ന്നു എന്നത്‌ പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്‌. ഒന്നാം ലക്കത്തിന്റെ പ്രകാശനചടങ്ങില്‍ കവിയും ഗാനരചയിതാവുമായ ശ്രീ. ചാത്തന്നൂര്‍ മോഹന്‍ മുഖ്യാതിഥിയായിരുന്നു. രണ്ടാം ലക്കത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്‌ പ്രശസ്‌ത സാഹിത്യനിരൂപകന്‍ ശ്രീ. പ്രസന്ന രാജന്‍ ആയിരുന്നു. അതിനോടനുബന്ധിച്ചു നടന്ന സമ്മേളനത്തില്‍ പ്രശസ്‌ത എഴുത്തുകാര്‍ പങ്കെടുത്തു.

പുതിയ കെട്ടിടം
നമ്മുടെ വായനശാലാ മന്ദിരത്തിന്‌ ഒരു രണ്ടാം നില എന്ന ലൈബ്രറി പ്രവര്‍ത്തകരുടേയും അഭ്യുദയകാംക്ഷികളുടേയും സ്വപ്‌നം ഈ ഭരണസമിതിയുടെ കാലത്ത്‌ സാക്ഷാത്‌കൃതമായി എന്നത്‌ അഭിമാനകരമായ ഒരു വസ്‌തുതയാണ്‌. പൊതുപ്രവര്‍ത്തകനും മുന്‍ കല്ലുവാതുക്കല്‍ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റും ചിറക്കര പബ്ലിക്‌ ലൈബ്രറി മുന്‍ ഭരണസമിതി അംഗവുമായിരുന്ന പരേതനായ ശ്രീ.എസ്‌. ഗോപാലകൃഷ്‌ണപിള്ളയുടെ സ്‌മരണാര്‍ത്ഥം അദ്ദേഹത്തിന്റെ ബന്ധുജനങ്ങള്‍ക്ക്‌ വായനശാലാ കെട്ടിടത്തിന്‌ ഒരു രണ്ടാം നില പണിതു നല്‍കുവാന്‍ താല്‌പര്യമുണ്ടെന്ന്‌ അറിയിച്ചുകൊണ്ട്‌ ശ്രീ. രാജേഷ്‌. ബി (ബാബു) ലൈബ്രറിക്ക്‌ അയച്ച കത്ത്‌ ലൈബ്രറി ഭരണസമിതി ചര്‍ച്ച ചെയ്യുകയും വിശദാംശങ്ങള്‍ തേടിയശേഷം അംഗീകരിക്കുകയും ചെയ്‌തു. ശ്രീ. രാജേഷ്‌. ബി.യുടെ അഭാവത്തില്‍ ശ്രീ. ശ്രീധരന്‍പിള്ള, ശ്രീ. ബി.എസ്‌. രാജു, ശ്രീ. രാധാകൃഷ്‌ണപിള്ള (മദനന്‍), എന്നിവരാണ്‌ നിര്‍മ്മാണം നിര്‍വ്വഹിച്ച്‌ കെട്ടിടം ലൈബ്രറി ഭരണസമിതിക്ക്‌ കൈമാറിയത്‌.
പുതുതായി ലഭിച്ച രണ്ടാം നിലയിലേക്ക്‌ ഗ്രന്ഥശാല മാറ്റി സ്ഥാപിക്കുന്നത്‌ സൗകര്യപ്രദമായിരിക്കുമെന്ന പൊതുവായ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രന്ഥശാല പുതിയ കെട്ടിടത്തിലേയ്‌ക്ക്‌ മാറ്റി സ്ഥാപിക്കുകയുണ്ടായി. 2015 ജനുവരി 26 ന്‌ പുതിയ കെട്ടിടം സിനിമാതാരം ശ്രീ. നെടുമുടി വേണു ഉദ്‌ഘാടനം ചെയ്‌തു. ശ്രീ. ജി.എസ്‌. ജയലാല്‍ എം.എല്‍.എ. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഉദ്‌ഘാടന സമ്മേളനത്തില്‍ ചിറക്കര ഗ്രാമപഞ്ചായത്തിലെയും കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെയും മികച്ച നെല്‍കര്‍ഷകരെ ആദരിച്ചു.
ചിറക്കര പബ്ലിക്‌ ലൈബ്രറി വായനശാലാ മന്ദിരത്തിന്‌ ഒരു രണ്ടാം നില പണിതു നല്‍കാന്‍ സംഭാവന ചെയ്‌ത ശ്രീ. എസ്‌. ഗോപാലകൃഷ്‌ണപിള്ളയുടെ മുഴുവന്‍ ബന്ധുജനങ്ങള്‍ക്കും ഈ സംരംഭത്തിന്‌ മുന്‍കൈ എടുത്തവര്‍ക്കും ഭരണസമിതിയുടെ നന്ദി രേഖപ്പെടുത്തുന്നു.

ജനസേവനകേന്ദ്രം
വായനശാലാ മന്ദിരത്തിന്റെ രണ്ടാംനിലയില്‍ ഒരു ജനസേവനകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. വൈദ്യുതി, ടെലിഫോണ്‍ ബില്ലുകള്‍, വില്ലേജ്‌ ഓഫീസിലേയ്‌ക്കും മറ്റുമുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ (ഇ-ഡിസ്‌ട്രിക്‌റ്റ്‌ പ്രകാരമുള്ള സേവനങ്ങള്‍), വോട്ടര്‍ പട്ടികയില്‍ പേര്‌ ചേര്‍ക്കല്‍ തുടങ്ങി വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഈ കേന്ദ്രത്തില്‍നിന്നും പൊതുജനങ്ങള്‍ക്ക്‌ ലഭ്യമാകുന്നു. വൈകുന്നേരം 5.30 മുതല്‍ രാത്രി 8 മണി വരെയാണ്‌ ഈ ജനസേവനകേന്ദ്രം ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നത്‌. ജനസേവനകേന്ദ്രത്തിന്റെ പ്രവര്‍ത്തനം നാം കൂടുതല്‍ വിപുലീകരിക്കേണ്ടതുണ്ട്‌.

ജീവകാരുണ്യനിധി
ഈ ഭരണസമിതിയുടെ ഒരു പ്രധാനപ്പെട്ട പ്രവര്‍ത്തനമായിരുന്നു ജീവകാരുണ്യനിധി. നമുക്ക്‌ ചുറ്റുമുള്ള നിരാലംബരായ സഹജീവികളെ ഒരു കൈ സഹായിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ്‌ ജീവകാരുണ്യനിധി എന്ന പ്രതീകാത്മകമായ പദ്ധതി ഈ ഭരണസമിതി ആവിഷ്‌ക്കരിച്ചത്‌. ജീവിതയാത്രയില്‍ നമ്മോടൊപ്പം സഞ്ചരിക്കുന്ന നമ്മുടെ സഹജീവികളുടെ കാലിടറുമ്പോള്‍ അവര്‍ക്ക്‌ ഒരു കൈത്താങ്ങാവുക എന്നത്‌ മനുഷ്യത്വം പേറുന്ന ഓരോരുത്തരുടേയും കടമയാണ്‌. ആ കടമ ഓര്‍മ്മിപ്പിക്കുകയും ആ സംസ്‌ക്കാരത്തിലേയ്‌ക്ക്‌ നമ്മുടെ കുട്ടികളെയെങ്കിലും നയിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്‌ ജീവകാരുണ്യനിധി എന്ന പദ്ധതി ആരംഭിച്ചത്‌ എങ്കിലും നമ്മുടെ പൊതുസമൂഹത്തില്‍നിന്ന്‌ വളരെ കുറച്ചുപേര്‍ മാത്രമേ ഇതിനോട്‌ അനുഭാവം കാട്ടിയുള്ളൂ എന്നത്‌ എടുത്തുപറയേണ്ടതുണ്ട്‌. എന്നാല്‍, അപ്രതീക്ഷിത കേന്ദ്രങ്ങളില്‍നിന്നും നമുക്ക്‌ ഇക്കാര്യത്തില്‍ വലിയ പ്രോത്സാഹനം ലഭിച്ചു. ഈ പദ്ധതിയുടെ നടത്തിപ്പ്‌ സംബന്ധിച്ച്‌ ഭരണ സമിതിക്ക്‌്‌ പുറമേ ഒരുꦣ3374;ോണിറ്ററിംഗ്‌ സെല്‍ രൂപീകരിച്ചിട്ടുണ്ട്‌.
ഈ പദ്ധതിയിലൂടെ ഏതാനും പേര്‍ക്ക്‌ നമുക്ക്‌ ധനസഹായം നല്‍കാന്‍ കഴിഞ്ഞു. ധനസഹായത്തിന്റെ കണക്ക്‌ നോക്കിയാല്‍ ഒരുപക്ഷേ ഇതൊരു വന്‍നേട്ടമായി കണക്കാക്കാനാവില്ലായിരിക്കാം. എങ്കിലും വായനശാലാ ഹാളില്‍ പ്രതീകാത്മകമായി സ്ഥാപിച്ചിട്ടുള്ള ജീവകാരുണ്യപെട്ടിയില്‍ വീഴുന്ന ഓരോ നോട്ടും നമ്മുടെ നാടിന്റെ അവശേഷിക്കുന്ന നന്മയുടേയും മനുഷ്യത്വത്തിന്റേയും മാനസിക ഔന്നത്യത്തിന്റേയും അടയാളങ്ങളാണ്‌ എന്ന്‌ ഞങ്ങള്‍ കരുതുന്നു.

പഠനകേന്ദ്രം നവീകരണം
ലൈബ്രറി പഠനകേന്ദ്രം അറ്റകുറ്റപ്പണികള്‍ നടത്തി നവീകരിക്കുകയും പെയിന്റ്‌ ചെയ്യുകയും ചെയ്‌തു. പഠനകേന്ദ്രം കെട്ടിടത്തിന്റെ പൂമുഖത്തില്‍ ഷീറ്റ്‌ മേല്‍ക്കൂര നിര്‍മ്മിക്കുകയും തറ കോണ്‍ക്രീറ്റ്‌ ചെയ്യുകയും ചെയ്‌തു. രണ്ടാം നിലയില്‍ സ്റ്റെയര്‍കേസിന്‌ കൈവരി നിര്‍മ്മിച്ചു. ടെറസിന്റെ ഭിത്തികള്‍ സിമന്റ്‌ പൂശി നവീകരിച്ചു. കരിയര്‍ ഗൈഡന്‍സ്‌ സെന്റര്‍ പോലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുകയും ആധുനിക രീതിയില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി പഠനകേന്ദ്രത്തെ ഇനിയും സജ്ജമാക്കുകയും ചേയ്യേണ്ടതുണ്ട്‌.

എല്‍.ഇ.ഡി. മോണിറ്റര്‍
വായനശാലാ ഹാളില്‍ ഒരു വിവിധോദ്യേശ്യ എല്‍.ഇ.ഡി. മോണിറ്റര്‍ സ്ഥാപിച്ചു. വൈജ്ഞാനിക ടി.വി. പരിപാടികള്‍, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ ഉദ്ദേശിച്ചാണ്‌ ഇത്‌ സ്ഥാപിച്ചിട്ടുള്ളത്‌. സാധാരണയായി വൈകുന്നേരങ്ങളില്‍ ദൂരദര്‍ശന്‍ പരിപാടികള്‍ പ്രദര്‍ശിപ്പിക്കാനാണ്‌ ഇപ്പോള്‍ ഭരണസമിതി തീരുമാനിച്ചിട്ടുള്ളത്‌. 

റസിഡന്റ്‌സ്‌ അസോസിയേഷന്‍
കഴിഞ്ഞ മൂന്ന്‌ വര്‍ഷം ഈ ഭരണസമിതിക്ക്‌ തുടര്‍ച്ചയായി തിരക്കാര്‍ന്ന പരിപാടികളുണ്ടായിരുന്നു. അതിനിടയില്‍ ഗ്രന്ഥശാല കൂടുതല്‍ ജനകീയമാക്കാന്‍ ആലോചിച്ചിരുന്ന പല പരിപാടികളും നടപ്പാക്കാനാകാതെ പോയിട്ടുണ്ട്‌. അതിലൊന്നാണ്‌ ലൈബ്രറിയുടെ ആഭിമുഖ്യത്തിലുള്ള റസിഡന്റ്‌സ്‌ അസോസിയേഷന്‍. ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഇത്തരമൊരു കൂട്ടായ്‌മ രൂപീകരിക്കാനായിരുന്നുവെങ്കില്‍ ഈ സ്ഥാപനത്തെ കൂടുതല്‍ കെട്ടുറപ്പോടും ഐക്യത്തോടുംകൂടി ഉയരങ്ങളിലേയ്‌ക്കെത്തിക്കാനും സ്ഥാപനം കൂടുതല്‍ ജന കീയമാക്കുവാനും അത്‌ ഉപകരിക്കുമായിരുന്നു. നമ്മുടെ സ്ഥാപനത്തിനു മാത്രമേ ജാതി-മത-രാഷ്‌ട്രീയ ഭേദമന്യേ ഇത്തരമൊരു ജനകീയ കൂട്ടായ്‌മ ഇന്നാട്ടില്‍ രൂപീകരിക്കാനാവൂ എന്ന്‌ എടുത്തുപറയേണ്ടതുണ്ട്‌. ഭാവിയില്‍ അത്‌ സാധ്യമാകുമെന്നുതന്നെ ഞങ്ങള്‍ കരുതുന്നു.

ഉപസംഹാരം
സമൂഹത്തിന്റെ സാംസ്‌ക്കാരികവും ഭൗതികവുമായ വികസനം അനുസ്യൂതമായ ഒരു പ്രക്രിയയാണ്‌. അതിന്‌ ഇടവേളകള്‍ പാടില്ല. നമ്മുടെ നാടിന്റെ സാസ്‌ക്കാരികവും സാമൂഹ്യവുമായ വികസനത്തിനായി മൂന്ന്‌ പതിറ്റാണ്ടായി പ്രവര്‍ത്തിച്ചുപോരുന്ന ഈ മഹത്തായ സ്ഥാപനത്തിന്റെ പുരോഗതി നമ്മുടെ അലംഭാവം മൂലം ഇനി തടസ്സപ്പെടാന്‍ പാടില്ല എന്ന്‌ സാമൂഹ്യബോധമുള്ള ഗ്രന്ഥശാലാംഗങ്ങള്‍ തീരുമാനിക്കേണ്ട സമയമായിരിക്കുന്നു.
കക്ഷിരാഷ്‌ട്രീയ-ജാതി-മത സംഘടനകളില്‍ ആവേശത്തോടെ പ്രവര്‍ത്തിക്കാന്‍ സന്നദ്ധത കാട്ടുന്ന ആളുകള്‍ പെരുകിവരുന്ന ഇക്കാലത്ത്‌ ജാതി-മത-കക്ഷിരാഷ്‌ട്രീയ മുക്തമായ ഒരു സാംസ്‌ക്കാരികബോധത്തോടെ ഗ്രന്ഥശാലയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവരുന്നവരുടെ എണ്ണം ഇപ്പോഴും വിരളമാണ്‌. ഇത്‌ നമ്മുടെ സാംസ്‌ക്കാരിക പിന്നാക്കാവസ്ഥയാണ്‌ വെളിപ്പെടുത്തുന്നത്‌ എന്ന്‌ പറയാതെ വയ്യ.
ഇന്നാടിന്റെ സാംസ്‌ക്കാരിക രംഗത്ത്‌ നാം വലിയ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്‌. മത-ജാതി-വര്‍ഗ്ഗീയ സംഘടനകളും അരാജകവാദം പ്രചരിപ്പിക്കുന്ന സംഘടനകളും ആള്‍ദൈവങ്ങളും സിദ്ധന്മാരുമൊക്കെ നമ്മുടെ പൊതുസമൂഹത്തിന്‌ വലിയ ഭീഷണി സൃഷ്‌ടിക്കുന്നു. വിഭാഗീയതയുടെ സന്ദേശമാണ്‌ അവ പേറുന്നത്‌. അവ നമ്മെ പിന്നോട്ടു നടത്തുന്നു. മനുഷ്യനെ മനുഷ്യനായി കാണാനുള്ള നമ്മുടെ കുട്ടികളുടെ കണ്ണുകളെ അവര്‍ അധഃപതനത്തിന്റെ കരിന്തുണികൊണ്ട്‌ മൂടാന്‍ ശ്രമിക്കുകയാണ്‌. ക്ലാസ്സ്‌ മുറികളില്‍ കുട്ടികള്‍ പഠിക്കുന്ന മാനവികതയുടെ വിശുദ്ധപാഠങ്ങള്‍ക്ക്‌ വിപരീതമായ കറുത്ത പാഠങ്ങള്‍ ഇത്തരക്കാര്‍ അറിഞ്ഞോ അറിയാതെയോ നമ്മുടെ കുട്ടികളിലേയ്‌ക്ക്‌ പകരാന്‍ ശ്രമിക്കുകയാണ്‌.
അറിവിന്റെയും വിവേകത്തിന്റെയും ജനാധിപത്യബോധത്തിന്റെയും മാനവികതയുടേയും വെളിച്ചം കൊണ്ടാണ്‌ ഇത്തരം തമസ്സുകളെ നാം ചെറുക്കേണ്ടത്‌. അതിന്‌ നമ്മുടെ പൊതുസമൂഹത്തെ ഗ്രന്ഥശാലയുടെ വെളിച്ചത്തിലേയ്‌ക്ക്‌ നയിക്കേണ്ടതുണ്ട്‌. ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ക്ക്‌ അത്തരം ഉത്തരവാദിത്വങ്ങള്‍ കൂടിവരുന്ന ഒരു കാലഘട്ടമാണിത്‌. അതിനനുസൃതമായ കൂട്ടായ്‌മകള്‍ ഉണ്ടാകേണ്ടതും പരിപാടികള്‍ ആവിഷ്‌ക്കരിച്ച്‌ നടപ്പാക്കേണ്ടതുമാണ്‌.
കഴിഞ്ഞ മൂന്ന്‌ വര്‍ഷക്കാലം ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പിന്തുണയും പ്രോത്സാഹനവും നല്‍കിയ അനവധി പേരുണ്ട്‌. ആരുടേയും പേരുകള്‍ എടുത്തു പറയുന്നില്ല എങ്കിലും അവരുടെ പ്രോത്സാഹനവും പിന്തുണയും ഞങ്ങള്‍ക്ക്‌ പകര്‍ന്നു നല്‍കിയ ഊര്‍ജ്ജം ചെറുതായിരുന്നില്ല. അവരോരോരുത്തരോടുമുള്ള ഭരണസമിതിയുടെ നന്ദി അറിയിക്കുന്നു.
ഞങ്ങളുടെ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട്‌ ഞങ്ങളാലാവും വിധം പ്രവര്‍ത്തിക്കാന്‍ ഈ ഭരണസമിതി ശ്രമിച്ചിട്ടുണ്ട്‌. ആ പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടവയുടെ ഹ്രസ്വമായ ഒരു വിവരണമാണ്‌ ഈ റിപ്പോര്‍ട്ടിലുള്ളത്‌. പ്രവര്‍ത്തനറിപ്പോര്‍ട്ടും വരവ്‌ ചെലവ്‌ കണക്കുകളും നിങ്ങളുടെ സജീവമായ ചര്‍ച്ചയ്‌ക്കും പരിശോധനയ്‌ക്കും വിലയിരുത്തലിനുമായി സമര്‍പ്പിക്കുന്നു.

ഭരണസമിതിക്കുവേണ്ടി,
സെക്രട്ടറി
ചിറക്കര പബ്ലിക്‌ ലൈബ്രറി

വരവ്‌ ചെലവ്‌ കണക്ക്‌

(സംക്ഷിപ്‌തം)
2012 ആഗസ്റ്റ്‌ മുതല്‍ 2015 ജൂലായ്‌ വരെ

 വരവ്‌
മാസവരി- 1464
പ്രവേശന ഫീസ്‌- 1384
സംഭാവന- 398013
ഗ്രാന്റ്‌- 109400
ഓണാഘോഷം- 93285
അവാര്‍ഡ്‌- 40001
ചുവട്‌- 105545
ഇന്‍സ്റ്റിറ്റിയൂഷണല്‍ 
അഗ്രിക്കള്‍ച്ചര്‍ 
പ്രോജക്‌റ്റ്‌- 70000
ജനസേവന കേന്ദ്രം- 6775
മറ്റിനം- 80024
ആകെ 905891


ചെലവ്‌

പുസ്‌തകങ്ങള്‍,
പത്രമാസികകള്‍- 68717?
ശമ്പളം- 38400
ഓണാഘോഷം- 107856
ചുവട്‌- 85461
ഇന്‍സ്റ്റിറ്റിയൂഷണല്‍ 
അഗ്രിക്കള്‍ച്ചറല്‍ 
പ്രോജെക്‌റ്റ്‌- 70000
സ്റ്റേഷനറി- 39587
പ്രിന്‍റിംഗ്‌- 32859
ഇലക്ട്രിസിറ്റി/
ടെലിഫോണ്‍ ബില്‍- 15380
മെയിന്‍റനന്‍സ്‌
(കെട്ടിടം,കമ്പ്യൂട്ടര്‍ തുടങ്ങിയവ)- 203727
ജനസേവന കേന്ദ്രം- 17910
ഫര്‍ണിച്ചര്‍/ഉപകരണങ്ങള്‍- 41274
രണ്ടാം നില ഉദ്‌ഘാടനം- 55648
മറ്റിനം- 105762
മെഡിക്കല്‍ ക്യാമ്പ്‌- 17504
ആകെ 900085
നീക്കിയിരിപ്പ്‌- 5806

No comments:

Post a Comment