ലേഖനം


      അവഗണിക്കുമ്പോള്‍  അപമാനിക്കപ്പെടുന്നത്

                                 കുരീപ്പുഴ ശ്രീകുമാര്‍             

        സാഹിത്യ-കലാരംഗങ്ങളിലും മറ്റ് സാമൂഹ്യമേഖലകളിലും പ്രവര്‍ത്തിച്ച് ജീവിതം ധന്യമാക്കി മരണമടഞ്ഞവര്‍ക്ക് ഇഷ്ടികയും കമ്പിയും സിമന്റും ഉപയോഗിച്ചുള്ള സ്മാരകങ്ങള്‍ ആവശ്യമാണോ? ജീവിച്ചിരിക്കുന്ന സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ ആവശ്യമില്ലെന്നേ മറുപടി പറയൂ. എന്നാല്‍ മണ്‍മറഞ്ഞ പ്രതിഭകളെ സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍ രൂപപ്പെടുത്തി സ്മരിക്കാന്‍ പിന്‍തലമുറ ശ്രമിക്കും. അങ്ങനെ സ്ഥാപിക്കപ്പെടുന്ന സ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടാതെ അനാഥമായി കിടക്കുന്ന കാഴ്ച സങ്കടകരമാണ്. കൊല്ലം ജില്ലയില്‍ ഇതിനു നിരവധി ഉദാഹരണങ്ങളുണ്ട്.
        ഏറ്റവും നല്ല സാക്ഷ്യം കൊല്ലം നഗരത്തിലെ ഇടപ്പള്ളി രാഘവന്‍പിള്ളയുടെ സ്മൃതിമണ്ഡപമാണ്. നിരന്തര പരിശ്രമങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ശേഷമാണ് ഇടപ്പള്ളി രാഘവന്‍പിള്ളയെ സംസ്‌ക്കരിച്ചിടത്ത് അതൊന്നു രേഖപ്പെടുത്തിവെയ്ക്കാന്‍ നഗരസഭ സന്നദ്ധമായത്. നഗരസഭയുടെ നിയന്ത്രണത്തില്‍, കാവല്‍ക്കാര്‍ സഹിതമുള്ള മുളങ്കാടകം ശ്മശാനത്തിലാണ് ഈ സ്മൃതികുടീരം. മേല്‍ക്കൂരയില്ലാതെയും ശ്രദ്ധിക്കാന്‍ ആളില്ലാതെയും അത് ജീര്‍ണാവസ്ഥയിലായി. ഇടപ്പള്ളി സ്മൃതിമണ്ഡപമെന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് ദേശീയപാതയില്‍ വച്ചിരുന്ന ഫലകവും വീണു നശിച്ചുപോയി, രമണന്‍ എന്ന അനശ്വരകൃതിയുടെ കേന്ദ്ര ബിന്ദു എന്ന് കരുതപ്പെടുന്ന യുവകവി ഇടപ്പള്ളി രാഘവന്‍പിള്ളയുടെ സ്മൃതി കുടീരത്തിനാണ് ഈ ദുര്‍ഗതി.
          തേന്‍പോലെ മധുരിക്കുന്നതും ശാന്തിതരുന്നതുമായ നിരവധി പാട്ടുകള്‍ നമ്മള്‍ക്കുതന്ന രവീന്ദ്രന്‍ മാഷിന്റെ സ്മാരകം നിര്‍മിക്കാന്‍ തീരുമാനിച്ചത് അദ്ദേഹത്തിന്റെ ജന്മനാടായ കുളത്തൂപ്പുഴയിലാണ്. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് ഇതിനായി ബജറ്റില്‍ തുകവകയിരുത്തുകയും പണിതുടങ്ങുകയും ചെയ്തു. രാജീവ് അഞ്ചലിന്റെ ഭാവനയില്‍ വിടര്‍ന്ന വയലിന്‍ സാന്നിധ്യമുള്ള മനോഹരമാതൃകയാണ് അംഗീകരിക്കപ്പെട്ടത്. ഇടതുപക്ഷത്തിന് അധികാരം നഷ്ടപ്പെട്ടതോടെ പണിമുടങ്ങി. കഴിഞ്ഞ ഒരുവര്‍ഷമായി ഒരു ഇഷ്ടികപോലും എടുത്തുവയ്ക്കാന്‍ കഴിയാതെ അപമാനിക്കലിന്റെ മുദ്രയായി നില്‍ക്കുകയാണ് ഹരിമുരളീരവ സ്മാരകം.
          മലയാളത്തിലെ ആദ്യമഹാകാവ്യത്തിന്റെ രചയിതാവായ അഴകത്ത് പത്മനാഭക്കുറുപ്പിന്റെ ഓര്‍മ്മയ്ക്കായി മുങ്ങിയും മുടന്തിയും നടക്കുന്ന ഒരു വായനശാലയാണ് ചവറ തെക്കും ഭാഗത്തുള്ളത്. മഹാകവി കെ സി കേശവപിള്ളയുടെ പേരില്‍ സ്മാരക ശ്രമങ്ങള്‍ പരവൂരില്‍ നടന്നെങ്കിലും പൂര്‍ണമായില്ല. പുനലൂര്‍ മുനിസിപ്പല്‍ ലൈബ്രറിക്ക് പുനലൂര്‍ ബാലന്‍ സ്മാരക ലൈബ്രറിയെന്ന് പേരുമാറ്റി അനുസ്മരിക്കുകയാണ് ചെയ്തത്. 
സി എസ് സുബ്രഹ്മണ്യന്‍പോറ്റി, പന്നിശ്ശേരി നാണുപിള്ള, അഞ്ചല്‍ ആര്‍ വേലുപ്പിള്ള, അഞ്ചല്‍ ഭാസ്‌ക്കരപിള്ള, തേവാടി നാരായണക്കുറുപ്പ് ഇവരെയും വേണ്ടവിധം ഓര്‍മ്മിച്ച് ബഹുമാനിച്ചിട്ടില്ല. പരിശ്രമങ്ങള്‍ കാണുമ്പോള്‍ ഇതുമതിയോ എന്ന് നമ്മള്‍ ചോദിച്ചുപോകും.
കഥാകാരന്മാരില്‍ കാക്കനാടന്‍, പട്ടത്തുവിള, എ പി കളയ്ക്കാട്, നൂറനാട് ഹനീഫ്, തുളസി കുഴിതടത്തില്‍ തുടങ്ങിയവരും കൊല്ലത്തെ നെടുമ്പാതകളെ സ്‌നേഹിച്ചവരാണ്. ബന്ധുമിത്രാദികളുടെ താല്‍പര്യത്തോടെ ചിലശ്രമങ്ങള്‍ നടക്കുന്നതൊഴിച്ചാല്‍ സര്‍ക്കാരിന്റെ സാംസ്‌ക്കാരിക വകുപ്പിന് ശ്രദ്ധിക്കാന്‍ തോന്നിയിട്ടില്ല.
കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് ഒരിക്കലും മറക്കാന്‍ കഴിയാത്തപേരാണ് മണലില്‍ ജി നാരായണപിള്ള. കൊല്ലം നഗരപരിധിയിലുള്ള ഒരു ചെറുവായനശാലയും സമ്മാനവും ഒഴിച്ചാല്‍ വലിയ സംരംഭങ്ങളൊന്നും തന്നെ ഇല്ല.
          തൊഴിലാളിവര്‍ഗസൗന്ദര്യ ശാസ്ത്രത്തിന്റെ മഹാകവിയായ തിരുനല്ലൂരിനെ അനുസ്മരിക്കുന്നത് തിരുനല്ലൂര്‍ സ്മൃതികേന്ദ്രമാണ്. സര്‍ക്കാരിന്റെ ശ്രദ്ധ ലഭിക്കുന്നില്ല.
ലാലാലജ്പത്‌റായിക്കും, മഹാദേവ ദേശായിക്കും സ്മാരകമുള്ള നാടാണ് കൊല്ലം. എന്നാല്‍  കൊല്ലത്തുകാരായ പല മഹാപ്രതിഭകള്‍ക്കും സ്മൃതി കേന്ദ്രങ്ങളില്ല.
          ഒ മാധവന്‍, കടവൂര്‍ ചന്ദ്രന്‍പിള്ള, എന്‍ ബി ത്രിവിക്രമന്‍പിള്ള, സി എന്‍ ശ്രീകണ്ഠന്‍ നായര്‍ തുടങ്ങിയവരെയും ഉചിതമായ രീതിയില്‍ അനുസ്മരിക്കാന്‍ ദേശിംഗ നാട്ടുകാര്‍ക്കു കഴിയുന്നില്ല.
         ഡോ. ശൂരനാട് കുഞ്ഞന്‍പിള്ള, ഒ നാണു ഉപാധ്യായന്‍, കെ പി അപ്പന്‍, കല്ലട രാമചന്ദ്രന്‍, കണ്ടച്ചിറ ബാബു എന്നീ പ്രതിഭകളെയും ദേശിംഗ നാട്ടുകാര്‍ ശരിക്കു കണ്ടില്ല. 
ടോള്‍സ്റ്റോയിയെയും ഷേക്‌സ്പിയറിനെയും ബിമല്‍ മിത്രയെയുമെല്ലാം ലളിത മലയാളത്തില്‍ പരിചയപ്പെടുത്തിയ കാഥികപ്രതിഭ വി സാംബശിവന്റെ പ്രതിമ നഗരത്തിലെവിടെയും നിലം തൊടാന്‍ അനുവദിച്ചില്ല. അദ്ദേഹത്തിന്റെ വീട്ടുവളപ്പില്‍ തന്നെ ഉറപ്പിക്കേണ്ടിവന്നു. ലജ്ജാകരമെന്നേ ഈ സ്ഥിതിയെക്കുറിച്ചു പറയാന്‍ കഴിയൂ.
         കഥകളി രാവുകളെ ഹംസതൂലികയില്‍ ശയിപ്പിച്ച ഓയൂര്‍ കൊച്ചുഗോവിന്ദപ്പിള്ളയാശാന്റെ സ്മാരക പ്രര്‍ത്തനവും മന്ദഗതിയിലാണ്. സ്ത്രീവേഷങ്ങളെ പൊലിപ്പിച്ച ചിറക്കര മാധവന്‍കുട്ടി എങ്ങോട്ടുപോയെന്ന് ആര്‍ക്കും അറിയുകയുമില്ല.
         കാഥികരുടെ നാടായ ദേശിംഗ നാട് കടവൂര്‍ ബാലന്‍, കല്ലട വി വി കുട്ടി, ആര്‍ എം മംഗലശ്ശേരി, ബേബിതാമരശ്ശേരി തുടങ്ങിയവരെയും മറന്നു.
പാരമ്പര്യവും പൈതൃകവും സാംസ്‌ക്കാരിക ചരിത്രമഹത്വവും ഒക്കെ അവകാശപ്പെടുന്ന കൊല്ലത്തിന് അത്ര അഭിമാനിക്കാന്‍ വകയില്ലാത്ത ചില കാര്യങ്ങള്‍കൂടി ഉണ്ട് എന്നാണ് അവഗണനാ പര്‍വം പറയുന്നത്. സ്മാരകങ്ങളുണ്ടാക്കി അനാഥമാക്കി അപമാനിക്കുന്നതിനെക്കാള്‍ നല്ലത് ഉണ്ടാക്കാതിരിക്കുന്നതാണ്.
(Courtesy: Janayugam)

           നമ്മുടെ വിദ്യാര്‍ത്ഥികള്‍ ഇന്ന്‌ 

                    അഡ്വ.സുഗതന്‍ ചിറക്കര


മ്മുടെ നാട്ടിലെ വിദ്യാര്‍ത്ഥികളുടേയും കൗമാരക്കാരുടേയും സ്ഥിതി ഇന്ന്‌ വല്ലാത്ത ഒരു പരിത:സ്ഥിതിയില്‍ എത്തി നില്‍ക്കുകയാണ്‌. വിവിധ തരത്തിലുള്ള സമ്മര്‍ദ്ദങ്ങളും പ്രേരണയും, ആധിയും ഉല്‍ക്കണ്‌ഠയും വിഷാദവും കൊണ്ട്‌ അവര്‍ വല്ലാതെ വീര്‍പ്പുമുട്ടുകയാണ്‌ .രക്ഷിതാക്കളില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും ലഭിക്കുന്ന പലവിധ സമ്മര്‍ദ്ദങ്ങള്‍ അവരെ വല്ലാത്ത മാനസികനിലയില്‍ എത്തിക്കുന്നു. മാനസിക പക്വതയും ഏതിനെയും അതിജീവിക്കാനുള്ള കഴിവും വ്യക്തിത്വവികാസവും ആത്മാഭിമാനവും ശരിയും തെറ്റും തിരിച്ചറിയാനുള്ള വിവേകവും സ്വായത്തമാക്കാന്‍ ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്കോ, യുവാക്കള്‍ക്കോ കഴിയാതെ വന്നതുകൊണ്ടാണ്‌ അവരില്‍ ബഹുഭൂരിപക്ഷവും ഇന്ന്‌ പലതരത്തിലുള്ള മാനസിക സമ്മര്‍ദ്ദങ്ങളും അഭിമുഖീകരിക്കുന്നത്‌. ഇതിന്റെ ശരിയായ കാരണം മാതാപിതാക്കളും അദ്ധ്യാപകരും ആണെന്ന സത്യം മറച്ച്‌ വച്ചാണ്‌ ഇന്ന്‌ എല്ലാവരും കുട്ടികളെ കുറ്റപ്പെടുത്തുന്നത്‌.
ഇന്നത്തെ വിദ്യാര്‍ത്ഥികളുടെ മാനസികനിലയെപ്പറ്റി കോഴിക്കോട്ടെ മെന്റല്‍ ഹെല്‍ത്ത്‌ ആന്റ്‌ ന്യൂറോ ഇന്‍സ്റ്റിട്യൂട്ടിന്റെ (ഇംഹാന്‍സ്‌) ഒരു പഠനറിപ്പോര്‍ട്ട്‌ ഈ അടുത്തകാലത്ത്‌ പ്രസിദ്ധീകരിക്കുകയുണ്ടായി. അതുപ്രകാരം സ്‌ക്കൂള്‍ കുട്ടികളില്‍ ജീവിതം മടുത്തവര്‍ 45% ആണ്‌. ഏകദേശം 35% കുട്ടികള്‍ ലൈംഗിക പീഡനത്തിന്റെ ഇരകളാണ്‌. ആണ്‍കുട്ടികളില്‍ 18% ലഹരിക്ക്‌ അടിമകളാണ്‌. അതുപോലെ കുട്ടികളില്‍ കുറ്റവാളികളുടെ എണ്ണവും കൂടിവരുന്നതായാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. ഇങ്ങനെയൊരവസ്ഥ ഉണ്ടാകാനുള്ള കാരണം രക്ഷിതാക്കളും അദ്ധ്യാപകരുമല്ലേ? പ്രായമായ നാമോരുത്തരും അല്ലേ? ഒരു ദിവസത്തില്‍ ഏറ്റവും കൂടുതല്‍ സമയം വിദ്യാര്‍ത്ഥികള്‍ ചെലവഴിക്കുന്നത്‌അദ്ധ്യാപകരുമായാണ്‌. അതുകൊണ്ട്‌ കുട്ടികള്‍ക്ക്‌ പ്രേരണയും പ്രചോദനവും നല്‍കാന്‍ അദ്ധ്യാപകര്‍ക്ക്‌ കഴിയും. അവരെ ആത്മാഭിമാനം ഉള്ളവരാക്കാനും, സമൂഹത്തിലെ എല്ലാത്തരം വെല്ലുവിളികളേയും നേരിടാന്‍ തക്കവണ്ണം പ്രാപ്‌തരാക്കാനും ഒരു പരിധി വരെ രക്ഷകര്‍ത്താക്കളും അദ്ധ്യാപകരും വിചാരിച്ചാല്‍ പറ്റുമെന്നകാര്യത്തില്‍ സംശയമില്ല. ഇന്നത്തെ കുട്ടികള്‍ക്ക്‌ നല്ല ബുദ്ധിശക്തിയുണ്ട.്‌ അതുകൊണ്ട്‌ പരീക്ഷകളില്‍ നല്ല മാര്‍ക്ക്‌ നേടാന്‍ അവര്‍ക്കു കഴിയുന്നു. എന്നാല്‍ വൈകാരികതലത്തില്‍ കുട്ടികള്‍ വളരെ പിന്നാക്കം പോകുകയാണ്‌.
പലര്‍ക്കും ആത്മവിശ്വാസത്തിന്റെ കുറവും, വ്യക്തിത്വ വൈകല്യങ്ങളും കൂടി വരുന്ന കാഴ്‌ചയാണ്‌ നാം കാണുന്നത്‌. പലതര സമ്മര്‍ ദ്ദങ്ങളും, പെരുമാറ്റദൂഷ്യങ്ങളും മാനസികസംഘര്‍ഷങ്ങളും കൗമാരത്തിലാണ്‌ പലരും തിരിച്ചറിയുന്നത്‌. പിന്നെ കുറ്റം പറച്ചിലായി, വേവലാതിയായി, ക്ലാസ്സില്‍ നിന്ന്‌ ഇറക്കിവിടലായി, ഇങ്ങനെ പോകുന്നു പ്രശ്‌നങ്ങള്‍ .

ഇന്ന്‌ ആര്‍ക്കും ഒന്നിനും സമയമില്ല. എല്ലാം യാന്ത്രികമായാണ്‌ നടക്കുന്നത്‌. വിവാഹം, കുട്ടികളുടെ ജനനം, അവരെ വളര്‍ത്തല്‍, വിദ്യാഭ്യാസം എല്ലാം അങ്ങനെ നടക്കുന്നു.ഗര്‍ഭിണിയായാല്‍ പ്രസവം വരെ ടെന്‍ഷന്‍ . അത്‌ കഴിഞ്ഞാല്‍ കുട്ടി നടക്കാറാവുന്നതുവരെ ടെന്‍ഷന്‍ . പിന്നെ സ്‌കുളില്‍ ചേര്‍ക്കുന്ന ടെന്‍ഷന്‍ , പഠിപ്പിക്കുന്ന ടെന്‍ഷന്‍ , കുട്ടിയെ എഞ്ചിനിയറോ, ഡോക്‌ടറോ, എം.ബി എ ക്കാരനോ, കമ്പ്യൂട്ടര്‍ വിദഗ്‌ധനോ ആക്കാനുള്ള ടെന്‍ഷന്‍ . കുട്ടിയെ ആരും മനസ്സിലാക്കാന്‍ മെനക്കെടുന്നില്ല.

നാടുമുഴുവന്‍ എഞ്ചിനീയര്‍മാരെക്കൊണ്ട്‌ നിറഞ്ഞു. അവരില്‍ പലരും പഠിക്കാന്‍ എടുത്ത ലോണ്‍ തിരിച്ചടക്കാന്‍ വേണ്ടി എന്തു ജോലിയും ചെയ്യാന്‍ തയ്യാറായി ലോകത്താകമാനം പോയിത്തുടങ്ങി. വര്‍ഷംതോറും അന്‍പതിനായിരത്തില്‍പ്പരം എഞ്ചിനീയര്‍മാര്‍ കേരളത്തില്‍ പാസ്സായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. അത്രയും തന്നെ പരാജിതരായി അലയുന്നു. മെഡിക്കല്‍ കോളജുകളുടെ എണ്ണം കൂടി. എം.ബി.ബി.എസ്‌ അടിസ്ഥാനയോഗ്യതമാത്രമായി. ഓരോ അവയവങ്ങള്‍ക്കും ഒരോ ഡോക്‌ടര്‍മാരായി. ഒരു ഡോക്‌ടര്‍ക്ക്‌ ദേഹം മൊത്തത്തില്‍ പരിശോധിക്കാന്‍ കഴിയാതെയായി. പ്രൈവറ്റ്‌ ആശുപത്രികളുടെ എണ്ണം കൂടി. നൂറൂരൂപയ്‌ക്കും 150 രൂപയ്‌ക്കും ദിവസവേതനത്തിന്‌ നേഴ്‌സുമാര്‍ ജോലി ചെയ്യുന്നു. പഠിക്കാന്‍ എടുത്ത ബാങ്ക്‌ലോണ്‍ തിരിച്ചടക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യേണ്ട കാലം സംജാതമായി. കൃഷിപ്പണിക്ക്‌ തൊഴിലാളികളെ കിട്ടാതായി. കേരളത്തിലെ തൊഴിലാളികള്‍ മുഴുവന്‍ വിദേശത്തുപോയി പതിനാറ്‌ മണിക്കൂര്‍ വീതം കഠിനാദ്ധ്വാനം ചെയ്യാന്‍ പഠിച്ചു. ഇവര്‍ക്ക്‌ പകരം അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ സ്ഥാനം പിടിച്ചു.ജോലി ചെയ്യാതെ, അദ്ധ്വാനിക്കാതെ കൂലി തട്ടുന്ന വിദ്യ അവരും പഠിച്ചു.പ്രവാസികളുടെ അദ്ധ്വാനഫലം അങ്ങനെ അന്യസംസ്ഥാനക്കാര്‍ കൈക്കലാക്കി സന്തുഷ്‌ടരായി.
ഇനി ഇപ്പോഴത്തെ കുടുംബങ്ങളുടെ സ്ഥിതി നോക്കിയാലോ? വീട്ടില്‍ മാതാപിതാക്കളും ഒന്നോ രണ്ടോ കുട്ടികളുംമാത്രം. മാതാപിതാക്കള്‍ ജോലിക്കും കുട്ടികള്‍ രണ്ടുവയസുമുതല്‍ പലതരം സ്‌കുളുകളിലുമായി പോകുന്നു. വൈകിട്ട്‌ പല സമയങ്ങളിലായി എല്ലാവരും മടങ്ങിയെത്തുന്നു. ജോലിയില്ലാത്ത മാതാവ്‌ ഉണ്ടെങ്കില്‍ കുട്ടിയെ സ്‌കൂളിലയച്ച്‌ ടിവിയും മൊബൈലും, ഷോപ്പിംഗുമായി നേരം പോക്കുന്നു. ഇനി കൗമാരപ്രായത്തിലെ കുട്ടികളുടെ സ്ഥിതിയോ? ഒരു നല്ല ശതമാനം കുട്ടികള്‍ പലവിധ സമ്മര്‍ദ്ദങ്ങളും പേറി വണ്ടിക്കുതിരകളെപ്പോലെ മുതുകില്‍ പുസ്‌തകസഞ്ചിയും തൂക്കി ഇടംവലം നോക്കാതെ അച്ചടക്കത്തോടെയും അല്ലാതെയും അങ്ങനെ പോകുന്നു. രക്ഷിതാക്കള്‍ കുത്തിവച്ച ലക്ഷ്യം കൈവരിക്കാനുള്ള തത്രപ്പാടിലാണ്‌ അവര്‍ . തിരക്കുള്ള ബസ്സില്‍ കയറിയാലോ വഴിയേ നടന്നു പോയാലോ, ഷോപ്പിംഗിന്‌ പോയാലോ ഇടം വലമുള്ള തടസ്സങ്ങളൊന്നും ഇവര്‍ക്ക്‌ പ്രശ്‌നമല്ല. ലക്ഷ്യത്തിലെത്താനുള്ള തിടുക്കത്തിലാണ്‌ ഇവര്‍.
ഇനി മറ്റൊരു കൂട്ടര്‍ മുതുകില്‍ ബാഗും തൂക്കി ഇങ്ങനെ അലയുകയാണ്‌.കൂട്ടത്തില്‍ കൂട്ടുകാരികളുമുണ്ട്‌. മൊബൈല്‍ഫോണ്‍ കൈയ്യിലോ ചെവിയിലോ കാണും. സിനിമാതിയേറ്റര്‍, ബസ്സ്‌റ്റോപ്പ്‌, പാര്‍ക്ക്‌, ബേക്കറി, റോഡ്‌ സൈഡ്‌, ഇന്റര്‍നെറ്റ്‌ കഫേ, സര്‍വീസ്‌ബസ്സ്‌ ഇങ്ങനെ എവിടേയും ഇവരെ കാണാം. യാതൊരു പരിസരബോധവും ഇവര്‍ക്കില്ല. അവരുടെ ലക്ഷ്യം ഒന്നേയുള്ളു. പ്രണയചിത്തരായി ഇങ്ങനെ അലയുക. മൂന്നാമതൊരു കൂട്ടര്‍, ഇവര്‍ എണ്ണത്തില്‍ കുറവാണ്‌. ക്രിക്കറ്റ്‌ഗ്രൗണ്ട്‌, ഫുട്‌ബാള്‍ഗ്രൗണ്ട്‌, എന്നിവിടങ്ങളില്‍ ഇവരെ കാണാം. വെയിലും മഴയും ഇവര്‍ക്ക്‌ പ്രശ്‌നമല്ല. ഇവരുടെ മുഖത്ത്‌ വലിയ പ്രതീക്ഷകളാണ്‌. ഇനി നാലാമതൊരു കൂട്ടരുണ്ട്‌. ഇവര്‍ ഈ മൂന്ന്‌ ഗ്രൂപ്പില്‍ നിന്നും വ്യത്യസ്‌തരാണ്‌. ഇവര്‍ ബൈക്ക്‌, കാറ്‌, തുടങ്ങിയവകളില്‍ ചെത്തി നടക്കുന്നവരാണ്‌. ബാറുകള്‍, മയക്കുമരുന്ന്‌ കേന്ദ്രങ്ങള്‍, സ്റ്റാര്‍ ഹോട്ടലുകള്‍ ഇവിടെയൊക്കെയാണ്‌ ഇവരുടെ താവളങ്ങള്‍. ഹൈടെക്കാണ്‌ ജീവിതം. ഇവര്‍ എണ്ണത്തില്‍ കുറവാണ്‌. ഇനിയുള്ള കൂട്ടര്‍ എത്‌ നേരവും ദിവാസ്വപ്‌നങ്ങളുമായി പാട്ടു പഠിക്കല്‍, ഡാന്‍സ്‌ പഠിക്കല്‍, മറ്റ്‌ കലകള്‍ എന്നിവയുമായി ബന്ധപ്പെട്ടു കഴിയുന്നു. സിനിമ, സീരിയല്‍ തുടങ്ങിയവയൊക്കെയാണ്‌ ഇവരുടേയും രക്ഷിതാക്കളുടേയും ലക്ഷ്യം. ഈ ഗ്രുപ്പിന്റെ പ്രത്യേകത ലക്ഷ്യബോധവും, താല്‌പര്യവും, ആത്മവിശ്വാസവും, കഠിനാധ്വാനം ചെയ്യാന്‍ മനസ്ഥിതിയും ഉള്ളവര്‍ വളരെകുറച്ചുപേരെങ്കിലും ഉണ്ടെന്നുള്ളതാണ്‌.

എബ്രഹാം ലിങ്കണ്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്ത്‌ തന്റെ മകന്‍ പഠിച്ച സ്‌കൂളിലെ ഹെഡ്‌മാസ്റ്റര്‍ക്ക്‌ എഴുതിയ കത്ത്‌ പ്ര സിദ്ധമാണ്‌. അത്‌ ഇന്നത്തെ കാലത്തു എല്ലാ രക്ഷിതാക്കളും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും വായിച്ചിരിക്കേണ്ടതാണ്‌. വിദ്യാഭ്യാസത്തി ന്റെ യാഥാര്‍ത്ഥ ലക്ഷ്യം എന്തായിരിക്കണമെന്ന്‌ ഈ കത്ത്‌ നമ്മെ പ ഠിപ്പിക്കുന്നു.
"മനുഷ്യരെല്ലാം നീതിമാന്‍മാരല്ലെന്നും, സത്യസന്ധരല്ലെന്നും എന്റെ മകന്‍ പഠിക്കുമെന്ന്‌ എനിക്കറിയാം. പക്ഷേ ഇത്‌ കൂടി അവ നെ പഠിപ്പിക്കുക. എല്ലാ തെമ്മാടികള്‍ക്കും പകരമായി നല്ലവരുണ്ടാകും. സ്വന്തം കാര്യം മാത്രം നോക്കുന്ന എല്ലാ രാഷ്‌ട്രിയക്കാര്‍ ക്കും പകരമായി അര്‍പ്പണബോധമുള്ള നേതാക്കളുണ്ടാകും. എല്ലാ ശത്രുക്കള്‍ക്കും പകരമായി സുഹൃത്തുക്കള്‍ ഉണ്ടാകുമെന്നു കൂടി അവനെ പഠിപ്പിക്കുക. വെറുതെ കിട്ടിയ അഞ്ചു ഡോളറിനേക്കാള്‍ ഏറെ മൂല്യമുള്ളതാണ്‌ അദ്ധ്വാനിച്ച്‌ നേടിയ ഒരു ഡോളറെന്ന്‌കൂടി പറ്റുമെങ്കില്‍ പഠിപ്പിക്കണം."
"തോല്‍വികള്‍ ഏറ്റു വാങ്ങാന്‍ പഠിപ്പിക്കണം. ഒപ്പം അഹങ്കരിക്കാതെ വിജയങ്ങള്‍ ആസ്വദിക്കാനും. അസൂയയില്‍ നിന്ന്‌ അകന്നു നില്‍ക്കുന്നവനായി അവന്‍ മാറട്ടെ. പൊട്ടിച്ചിരിക്കാനുള്ള കഴിവുകൂടി അവനില്‍ ഉണ്ടാകണം. പുസ്‌തകങ്ങളുടെ വിസ്‌മയം അവന്‍ അറിയണം.അതിനൊപ്പം ആകാശത്തു പാറി നടക്കുന്ന പക്ഷികളേയും വെയിലത്ത്‌ മൂളിപ്പറക്കുന്ന തേനീച്ചകളേയും ഹരിതഭംഗിയുള്ള കുന്നിന്‍ചെരുവില്‍ വിരിഞ്ഞു നില്‍ക്കുന്ന പൂക്കളേയും കാണാന്‍ കൂടി അവന്‌ സമയം കൊടുക്കണം."
"മറ്റുള്ളവരെ വഞ്ചിക്കുന്നതിനേക്കാളും വളരെ നല്ല കാര്യമാണ്‌ സ്വയം തോറ്റു കൊടുക്കുന്നത്‌ എന്നു കൂടി സ്‌കൂളില്‍ പഠിപ്പിക്കണം."
"തെറ്റാണെന്ന്‌ മുഴുവന്‍ പേരും പറഞ്ഞാലും സ്വന്തം ആശയങ്ങളില്‍ വിശ്വസിക്കാന്‍ അവന്‍ പഠിക്കട്ടെ. മര്യാദക്കാരോട്‌ അവരെക്കാള്‍ മര്യാദയോടേയും അല്ലാത്തവരോട്‌ ഒട്ടും വിട്ടുവീഴ്‌ചയില്ലാതെയും പെരുമാറാന്‍ പഠിപ്പിക്കണം. എല്ലാവരും ആള്‍ക്കൂട്ടത്തിനൊപ്പം പോകുമ്പോഴും ഒഴുക്കിനൊപ്പിച്ചല്ലാതെ നില്‍ക്കാനുള്ള ശക്തി എന്റെ മകന്‌ പകര്‍ന്ന്‌ നല്‍കുക.
എല്ലാവരുടേയും വാക്കുകള്‍ക്ക്‌ ചെവിയോര്‍ക്കാന്‍ അവനെ ശീലിപ്പിക്കുക. പക്ഷേ സത്യത്തിന്റെ അരിപ്പ കൊണ്ട്‌ കേട്ടതൊക്കെയും അരിച്ചെടുത്ത്‌ നല്ലതുമാത്രം ഉപയോഗിക്കാനും അവനെ പഠിപ്പിക്കണം. സങ്കടപ്പെട്ടിരിക്കുമ്പോഴും ചിരിക്കുന്നതെങ്ങനെയെന്ന്‌ പഠിപ്പിക്കുക. പക്ഷേ അതില്‍ നാണക്കേട്‌ ഇല്ലെന്ന്‌ കൂടി അവന്‍ അറിയണം.എല്ലാത്തിനും ദോഷം മാത്രം കാണുന്നവരെ കരുതലോടെ കാണാന്‍ പഠിപ്പിക്കണം. ഒപ്പം എല്ലാം മാധുര്യമുള്ളതാണെന്ന്‌ വിശ്വസിപ്പിക്കുന്നവരേയും കരുതലോടെ കാണാന്‍ ശീലിപ്പിക്കണം. അദ്ധ്വാനത്തിനും ആശയങ്ങള്‍ക്കും തക്ക പ്രതിഫലം നേടാന്‍ അവന്‌ കഴിയണം. പക്ഷേ ആത്മാവിനും ഹൃദയത്തിനും വിലയിടാന്‍ സമ്മതിക്കരുത്‌."
"കൂക്കി വിളിക്കുന്ന ജനക്കൂട്ടത്തിന്‌ നേര്‍ക്ക്‌ ചെവി കൊട്ടിയടയ്‌ക്കാന്‍ അവന്‌ കരുത്തുണ്ടാകട്ടെ. ശരിയെന്ന്‌ തോന്നുന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കാനും അതിന്‌ വേണ്ടി പൊരുതാനും അവന്‌ സാധിക്കണം."
"എന്റെ മകനോട്‌ നിങ്ങള്‍ നന്നായി പെരുമാറുക. പക്ഷേ അമിതലാളന വേണ്ട. കാരണം നല്ല ഉരുക്ക്‌ ഉണ്ടാകുന്നത്‌ കൊടും ചൂടില്‍ ഉരുകിയാണ്‌. ചിലയിടങ്ങളില്‍ അക്ഷമ കാട്ടാനുള്ള ധൈര്യം അവനുണ്ടാകണം. ഒപ്പം ധീരതയോടെ ഇരിക്കാനുള്ള ക്ഷമയും വളര്‍ത്തണം. സ്വന്തം കഴിവുകളില്‍ ഉറച്ച വിശ്വാസം അവനുണ്ടാകട്ടെ. എന്നാലെ അവന്‌ മനുഷ്യനില്‍ വിശ്വാസമുണ്ടാകൂ.ഇതെല്ലാം ഒട്ടും എളുപ്പമുള്ള കാര്യമല്ല. പക്ഷേ കഴിയുമ്പോലെ ചെയ്‌തുനോക്കൂ. എന്റെ മോന്‍ നല്ലൊരു മനുഷ്യനായി മാറട്ടെ".
  ഈ കത്ത്‌ ലോകത്തുള്ള എല്ലാ രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ളതാണെന്ന കാര്യം നമുക്ക്‌ മറക്കാതിരിക്കാം. ഇന്നത്തെ വിദ്യാര്‍ത്ഥികളെ, യുവജനങ്ങളെ നേര്‍വഴിക്കു കൊണ്ടുവരാന്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കാര്യമായ പങ്കു വഹിക്കാന്‍ ഉണ്ടെന്ന സത്യം ഓര്‍മ്മിപ്പിക്കുന്നതോടൊപ്പം എല്ലാവര്‍ക്കും ഇത്‌ പ്രചോദനമാകട്ടെ എന്നുകൂടി ആഗ്രഹിക്കുന്നു.
                                                                                                                                         അഡ്വ.സുഗതന്‍ ചിറക്കര 
ഫോണ്‍ : 94 46 10 01 43 

No comments:

Post a Comment