പുസ്തകലോകം


കഥയായി മാറുന്ന അനുഭവങ്ങള്‍

പോയ കാലത്തേക്ക് തിരിഞ്ഞു നോക്കുകയെന്നത് സുഖകരമായ, അനുഭൂതി നല്‍കുന്ന അനുഭവമാണ്. ജീവിതത്തിന്റെ ദുരിതസന്ധികളില്‍ അനുഭവിക്കേണ്ടി വന്ന കയ്പുനിറഞ്ഞ നിമിഷങ്ങള്‍ ഈ തിരിഞ്ഞുനോട്ടത്തില്‍ അവാച്യമായ സുഖം നല്‍കും. പലപ്പോഴും അവ, നേരത്തെ എത്രമാത്രം തിക്തമായിരുന്നെങ്കിലും, നഷ്ടത്തിന്റെ വേദന സമ്മാനിച്ചുവെന്നും വരാം.
പോയ കാലത്തെക്കുറിച്ചു പറയുകയെന്നതുപോലെത്തന്നെ കൗതുകകരമാണ് അതുകേള്‍ക്കുന്നതും. കേള്‍വി കൗതുകകരമാകണമെങ്കില്‍ പറച്ചിലിന് മനോഹാരിത വേണം. വികാരം തുളുമ്പുന്ന വാക്കുകളും മുഹൂര്‍ത്തങ്ങളും സൃഷ്ടിക്കാന്‍ പറയുന്നയാള്‍ക്ക് കഴിയണം. അങ്ങനെ പറയുമ്പോള്‍ തീര്‍ത്തും നിസാരമായ സംഭവങ്ങള്‍ക്കുപോലും മിഴിവും തിളക്കവും കൈവരും. അങ്ങനെ പറയാനാകട്ടെ കഥാകാരന്റെ ആഖ്യാനവൈഭവത്തിന് ഏറെ പ്രാധാന്യമുണ്ട്.
ഇവിടെയാണ് പ്രശസ്ത കഥാകൃത്ത് യു.കെ. കുമാരന്റെ 'അനുഭവം, ഓര്‍മ, യാത്ര' എന്ന പുസ്തകം ശ്രദ്ധേയമാകുന്നത്. യു.കെ.കുമാരന്റെ കഥാകഥനശൈലിയുടെ സ്വാധീനം ഈ ഓര്‍മയെഴുത്തിനെ ജീവസ്സുറ്റതാക്കുന്നു. അപ്പോള്‍ ഇന്നത്തെ തലമുറയ്ക്ക് പരിചിതരല്ലാത്ത പൂച്ചാലി ഗോപാലനും രവീന്ദ്രനും മുതല്‍ ക്രിമിനലായ സ്വന്തം മകന്‍ തെറ്റുകാരനല്ലെന്ന അഭ്യര്‍ഥനയുമായി പത്രമോഫീസിലെത്തുന്ന തികച്ചും സാധാരണക്കാരനായ നാട്ടിന്‍പുറത്തുകാരന്‍വരെ നമ്മുടെ മനസു കവരുന്ന കഥാപാത്രങ്ങളായി മാറുന്നു.
'പിണറായിയുടെ വാക്കും എന്‍.ബി.എസിന്റെ പോക്കും' എന്ന തലക്കെട്ടിലുള്ള അനുഭവക്കുറിപ്പില്‍നിന്നു തന്നെ തുടങ്ങാം. ഇ.കെ.നായനാരുടെ ഭരണകാലത്ത് സഹകരണമന്ത്രിയായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തില്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പിടിച്ചെടുത്തതിനെ കുറിച്ചാണ് ലേഖനം.
സാഹിത്യകാരന്മാരുടെ കൂട്ടായ്മയായിരുന്ന എസ്.പി.സി.എസിനെ രാഷ്ട്രീയ താവളമാക്കിയതിലുള്ള പ്രതിഷേധമാണ് ഈ ലേഖനമെന്നു സംശയിക്കാമെങ്കിലും യു.കെ.കുമാരന്‍ അതിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. (Courtesy:Mangalam)

No comments:

Post a Comment