വായനശാലകള്‍ എന്തുപിഴച്ചു
യു.കെ. കുമാരന്‍
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കേരളത്തിലെ വായനശാലകള്‍ക്ക് കിട്ടേണ്ട ഗ്രാന്റിന് കാലവിളംബം
നേരിട്ടുകൊണ്ടിരിക്കുന്നു. ഇതുകാരണം വായനശാലകളുടെ പ്രവര്‍ത്തനത്തില്‍ താളക്കേട്
സംഭവിച്ചിരിക്കുന്നു. പുതിയ പുസ്തകങ്ങള്‍ യഥാസമയം വാങ്ങുന്നതിനോ വായനശാലാ പ്രവര്‍ത്തകര്‍ക്ക്
വേതനം നല്‍കുന്നതിനോ കഴിയുന്നില്ല. പൊതുജനങ്ങളില്‍നിന്ന് പിരിച്ചെടുക്കുന്ന
ലൈബ്രറിസെസ്സാണ് ഗ്രാ ന്റായി സര്‍ക്കാര്‍ വായനശാലകള്‍ക്ക് നല്‍കുന്നത്. വായനശാലകള്‍ക്ക്
ഗ്രാന്റ് കൊടുക്കുന്നതുകാരണം സര്‍ക്കാറിന് യാതൊരു സാമ്പത്തികബാധ്യതയും
ഉണ്ടാകുന്നില്ല. എന്നിട്ടും എന്തുകൊണ്ടാണ് ഗ്രാന്റ് കൊടുക്കുന്നതില്‍ ഈ കാലവിളംബം
ഉണ്ടാവുന്നത്? കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മുഖേനയാണ് വായനശാലകള്‍ക്ക് സര്‍ക്കാര്‍
ഗ്രാന്റ് വിതരണം ചെയ്യുന്നത്. ലൈബ്രറി കൗണ്‍സില്‍ അടുത്തകാലത്ത് നടത്തിയ ചില
പ്രവര്‍ത്തനങ്ങളോടുള്ള സര്‍ക്കാറിന്റെ വിയോജിപ്പും കൗണ്‍സിലില്‍ പ്രകടമാവുന്ന
അമിതരാഷ്ട്രീയവുമാണ് വായനശാലകള്‍ക്ക് ഗ്രാന്റ് ലഭിക്കുന്നതിനുള്ള കാലവിളംബത്തിന്
കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ലൈബ്രറികൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളോടുള്ള
വിയോജിപ്പ്, വായനശാലകള്‍ക്ക് നല്‍കുന്ന ഗ്രാന്റുമായി ബന്ധപ്പെടുത്തേണ്ടതുണ്ടോ?
പരിശോധിക്കേണ്ടതാണ്. കേരളീയ സാംസ്‌കാരികമണ്ഡലത്തെ നവീകരിക്കുന്നതില്‍ വായനശാലകള്‍
നടത്തിക്കൊണ്ടിരുന്ന ഇടപെടലുകള്‍ തിരിച്ചറിയുമ്പോഴേ വായനശാലകള്‍
ഇന്നഭിമുഖീകരിക്കുന്ന പ്രത്യാഘാതത്തിന്റെ ആഴം നമുക്ക് മനസ്സിലാവുകയുള്ളൂ.
കേരളവും ഗ്രന്ഥശാലകളും
ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അഭിമാനിക്കാന്‍ കഴിയാത്ത സാംസ്‌കാരിക ഔന്നത്യം കേരളത്തിന് സമ്മാനിക്കുന്നതില്‍ ഗ്രന്ഥശാലകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. പൊതു ഇടങ്ങളെ സൃഷ്ടിച്ചുകൊണ്ട് ജനകീയ സംവാദത്തിന്റെ അന്തരീക്ഷത്തെ വളര്‍ത്തി, കേരളത്തെ നവോത്ഥാനപാതയിലേക്ക് നയിച്ചത് വായനശാലകളാണ്. സ്വാതന്ത്ര്യസമരവും ഇടതുപക്ഷ പ്രസ്ഥാനവും സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുമാണ് കേരളത്തിലെമ്പാടും വായനശാലകള്‍ക്ക് ബീജാവാപം നടത്തിയത്. വായനശാലകള്‍ ഗ്രാമീണ സര്‍വകലാശാലകളായി രൂപാന്തരപ്പെട്ടു. അതുവഴി പുതിയൊരു കേരളം പിറവിയെടുക്കുകയായിരുന്നു.
ഗ്രന്ഥശാലാ പ്രസ്ഥാനമായും ലോക്കല്‍ ലൈബ്രറി അതോറിറ്റിയുമായും വേര്‍പെട്ടുകിടന്നിരുന്ന വായനശാലകളുടെ പ്രവര്‍ത്തനത്തെ പിന്നീട് ഏകോപിപ്പിച്ചത് ലൈബ്രറികൗണ്‍സില്‍ മുഖേനയാണ്. വായനശാലകള്‍ക്കുവേണ്ടി സുവ്യക്തമായ ഒരു നിയമം നിയമസഭയില്‍ അവതരിപ്പിച്ചു. വായനശാലകള്‍ക്ക് സര്‍ക്കാര്‍ കൃത്യമായ ഒരു പ്രവര്‍ത്തനരേഖ സജ്ജമാക്കി, ഗ്രാന്റുകള്‍ നിര്‍വചിക്കപ്പെട്ടു. ലൈബ്രറികളുടെ ഗ്രേഡുകള്‍ അനുസരിച്ച് സാമ്പത്തികസഹായം ലഭിച്ചുതുടങ്ങി. അതോടെ വായനശാലാ പ്രവര്‍ത്തനങ്ങളില്‍ ഒരു പുതിയ ഉണര്‍വ് പിറക്കുകയായിരുന്നു. ഇതോടൊപ്പം പുസ്തകപ്രസാധനരംഗവും സജീവമായി. ഇന്ത്യയില്‍ മറ്റൊരിടത്തും ദൃശ്യമാകാത്ത വിധത്തില്‍ കേരളത്തില്‍ പുസ്തകപ്രസാധനമേഖല വിപുലപ്പെടുകയായിരുന്നു. വന്‍കിട പ്രസാധകരോടൊപ്പം ചെറുകിട, സമാന്തര പുസ്തകവില്പനക്കാരും രംഗത്തുവന്നു. പുസ്തകങ്ങള്‍ വില്ക്കുന്നതിന് മുമ്പെങ്ങുമില്ലാത്ത സാഹചര്യമാണ് കേരളത്തില്‍ ഉരുത്തിരിഞ്ഞത്. ധാരാളം പുസ്തകങ്ങള്‍ പുറത്തുവന്നതോടെ സംവാദമേഖലയും സജീവമായി. ആദ്യകാലങ്ങളില്‍ ലൈബ്രറികൗണ്‍സില്‍ മുഖേന വിതരണം ചെയ്യുന്ന ഗ്രാന്റ് ഉപയോഗിച്ച് വായനശാലാ പ്രവര്‍ത്തകര്‍, അവര്‍ക്ക് താത്പര്യമുള്ള പ്രസാധകരില്‍നിന്ന് പുസ്തകങ്ങള്‍ വാങ്ങുകയായിരുന്നു പതിവ്. ചെറുകിട, സമാന്തര പ്രസാധകര്‍ പലപ്പോഴും അവഗണിക്കപ്പെട്ടു. ലൈബ്രറികൗണ്‍സിലിന്റെ ആഭിമുഖ്യത്തി ല്‍ ജില്ലകള്‍തോറും വിപുലമായ പുസ്തകമേളകള്‍ സംഘടിപ്പിച്ചത് ഈ സാഹചര്യത്തിലായിരുന്നു. കേരളത്തിലെ ആറായിരത്തോളം ഗ്രന്ഥശാലകള്‍ക്ക് പുസ്തകവൈവിധ്യങ്ങള്‍ കണ്ടറിഞ്ഞ്, അവയെ സ്വീകരിക്കുന്നതിനുള്ള ഒരിടമായി പുസ്തകമേളകള്‍ മാറി. കേരളത്തിന്റെ സാംസ്‌കാരികോത്സവങ്ങളായി ഇത് രൂപാന്തരപ്പെടുകയായിരുന്നു. ഇത്തരമൊരു അന്തരീക്ഷം കേരളത്തിന്റെ തനത് വ്യക്തിത്വമാണെന്ന് തിരിച്ചറിഞ്ഞ് നാം അഭിമാനിക്കേണ്ടതാണ്. ഇന്ത്യയിലെ മറ്റിടങ്ങളില്‍ ഒരു പുസ്തകത്തിന്റെ ആയിരം പ്രതി വര്‍ഷങ്ങളെടുത്ത് ചെലവഴിക്കുമ്പോള്‍, കേരളത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ പുസ്തകത്തിന്റെ ആയിരക്കണക്കിന് പ്രതികള്‍ വിറ്റഴിയുന്നത് ഈയൊരു സാഹചര്യത്തിലാണ്. അക്ഷരപ്രേമികള്‍ക്കൊക്കെ അഭിമാനമായ ഈ അന്തരീക്ഷമാണ് അടുത്തകാലത്ത് പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നത്.
ഗ്രാന്റ് വിതരണത്തിലുള്ള അനിശ്ചിതത്വം
വായനശാലകള്‍ക്ക് കൃത്യമായി ലഭിച്ചിരുന്ന ഗ്രാന്റും ജീവനക്കാര്‍ക്ക് കിട്ടിയിരുന്ന നാമമാത്രമായ വേതനവും എന്ന് ലഭ്യമാകുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയുന്നില്ല. കുറച്ചുവര്‍ഷങ്ങളായി ഈ പ്രതിസന്ധി തുടര്‍ന്നുവരുന്നു. വായനശാലകള്‍ക്ക് ഗ്രാന്റ് വിതരണം ചെയ്യുന്ന ഏജന്‍സിയായ ലൈബ്രറികൗണ്‍സിലിന്റെ ചില പ്രവര്‍ത്തനങ്ങളോടുള്ള സര്‍ക്കാറിന്റെ വിയോജിപ്പാണ് വായനശാലകള്‍ക്ക് ഗ്രാന്റ് ലഭിക്കാതിരിക്കാന്‍ കാരണമായി പറയപ്പെടുന്നത്. അതിന്റെ ന്യായാന്യായങ്ങളിലേക്ക് കടക്കാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല. ലൈബ്രറി കൗണ്‍സിലിനോടുള്ള വിയോജിപ്പ് വായനശാലയ്ക്കുള്ള ഗ്രാന്റ് തടയുന്നതിലുള്ള നിമിത്തമാകാന്‍ ഒരിക്കലും പാടില്ലായിരുന്നു. മാത്രമല്ല, മുന്‍ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ഗ്രാന്റ് വൈകിപ്പിക്കുകയും പിന്നീട് കൊടുക്കുകയും ചെയ്ത ചരിത്രമുണ്ടായിട്ടുണ്ട്. വൈകിപ്പിച്ചുകൊടുക്കുന്ന രീതി ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണ്. ഇക്കാര്യത്തില്‍ സര്‍ക്കാറിന് കൃത്യമായ ഒരു നയം ഉണ്ടാവേണ്ടതുണ്ട്. വായനശാലകള്‍ക്കുള്ള ഗ്രാന്റ് നല്‍കുന്നതുവഴി സര്‍ക്കാറിന് സാമ്പത്തികബാധ്യത ഉണ്ടാവുന്നില്ല എന്നുംകൂടി പരിഗണിക്കണം. സെസ്സ് വഴി മുമ്പേ പിരിച്ച പണം വായനശാലകള്‍ക്ക് യഥാസമയം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യതപ്പെട്ടിരിക്കുന്നു. സര്‍ക്കാറും ലൈബ്രറി കൗണ്‍സിലും തമ്മിലുള്ള പ്രശ്‌നത്തില്‍ വായനശാലകളെ ഇടയ്ക്കുനിര്‍ത്തി സാംസ്‌കാരിക പ്രതിസന്ധി ഉണ്ടാക്കുന്നത് കേരളത്തിന് ഭാവിയില്‍ ദോഷം ചെയ്യും. വായനശാലകളെ സജീവമാക്കാന്‍ ഏറെ ഉത്തരവാദിത്വം മറ്റാരേക്കാളും സര്‍ക്കാറിനുണ്ട്. സര്‍ക്കാര്‍ അത് മറന്നുപോകരുത്. ലൈബ്രറികൗണ്‍സിലിനെ തിരുത്തേണ്ടതുണ്ടെങ്കില്‍ തിരുത്തുക. പക്ഷേ, വായനശാലകളെ അതിലേക്ക് വലിച്ചിഴയ്ക്കരുത്. വായനശാലകള്‍ നമ്മുടെ എക്കാലത്തെയും പൊതു ഇടങ്ങളാണ്.
Courtesy: Mathrubhumi
No comments:
Post a Comment