വ്യക്തി വിശേഷം

ക്രൈംബ്രാഞ്ചും കൈയൊഴിഞ്ഞു; കഥകളിനടന്‍ ചിറക്കര മാധവന്‍കുട്ടിയെ കാണാതായിട്ട്‌ ഒന്നരവര്‍ഷം

Text Size:   

കൊല്ലം: കളിയരങ്ങില്‍ ജവര്‍ഹര്‍ലാല്‍ നെഹ്‌റുവിനെപ്പോലും ഭ്രമിപ്പിച്ച കഥകളി നടന്‍ ചിറക്കര മാധവന്‍കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ നിന്നും ക്രൈംബ്രാഞ്ചും കൈയൊഴിയുന്നു. കാണാതായി രണ്ടുവര്‍ഷം തികയാറായിട്ടും കഥകളിയിലെ സ്‌ത്രീരത്നം എവിടെയാണെന്നോ അദ്ദേഹത്തിന്റെ വിവരങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കാണാതായതിനെ തുടര്‍ന്ന്‌ പരവൂര്‍ പോലീസിന്‌ ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചത്‌. എന്നാല്‍ ലോക്കല്‍ പോലീസിനും ചിറക്കര മാധവന്‍കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന്‌ കേസ്‌ ക്രൈംബ്രാഞ്ചിന്‌ വിടുകയായിരുന്നു. നാളുകള്‍ ഏറെയായിട്ടും ഒരു വിവരവും ക്രൈംബ്രാഞ്ചിനും ലഭിച്ചില്ല.

വാളത്തുംഗലിലുള്ള സഹോദരിയുടെ വീട്ടില്‍ നിന്നുമാണ്‌ മാധവന്‍കുട്ടി അവസാനമായി യാത്രപറഞ്ഞ്‌ ഇറങ്ങിയത്‌. അദ്ദേഹം കുറേവര്‍ഷങ്ങളായി താമസിക്കുന്ന പൂതക്കുളത്തെ നമ്പൂതിരിമഠത്തിലേക്ക്‌ പോകുന്നുവെന്ന്‌ പറഞ്ഞാണ്‌ അവിടെ നിന്നും ഇറങ്ങിയത്‌. എന്നാല്‍ അവിടെ എത്തിയിട്ടില്ലെന്ന്‌ പിന്നീടാണ്‌ സഹോദരി അറിയുന്നത്‌. കഥകളി സംബന്ധമായ രണ്ട്‌ പുസ്‌തകങ്ങള്‍ സഹോദരിയുടെ മകള്‍ ഗിരിജയെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച ശേഷമാണ്‌ യാത്രയായത്‌. അവ തിരികെ വാങ്ങാന്‍ വരുമെന്നും സൂചിപ്പിച്ചിരുന്നു. കഥകളി രംഗത്തെ സഹപ്രവര്‍ത്തകരോട്‌ അന്വേഷിച്ചെങ്കിലും അവര്‍ക്കും അജ്‌ഞാതമായിരുന്നു മാധവന്‍കുട്ടിയുടെ തിരോധാനം.
 

ഏഴുവര്‍ഷമായി കഥകളിയില്‍ നിന്നും പൂര്‍ണമായി വിട്ടുനിന്ന മാധവന്‍കുട്ടി പൂതക്കുളം ക്ഷേത്രത്തിനു സമീപം നാരായണന്‍ നമ്പൂതിരിയുടെ മഠത്തിലായിരുന്നു വിശ്രമജീവിതം. ഇവിടെ നിന്നും 2011 ജനുവരിയിലാണ്‌ വാളത്തുംഗലിലുള്ള സഹോദരി കമലമ്മയുടെ വീട്ടിലേക്ക്‌ പോയത്‌. കാണാതായി മാസങ്ങളായിട്ടും പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. മാധവന്‍കുട്ടിയെ കാണാനില്ലെന്ന്‌ 'മംഗളം' റിപ്പോര്‍ട്ട്‌ ചെയ്‌തതിന്റെ അടിസ്‌ഥാനത്തിലാണ്‌ കഥകളി രംഗത്തെ സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരം ബന്ധുക്കള്‍ പരവൂര്‍ പോലീസില്‍ പരാതി നല്‍കിയത്‌. മംഗളം വാര്‍ത്തയെ തുടര്‍ന്ന്‌ ജി.എസ്‌ ജയലാല്‍ എം.എല്‍.എ മുന്‍കൈയെടുത്ത്‌ അന്വേഷണം ഊര്‍ജിതപ്പെടുത്തുകയും ചെയ്‌തു. 2004-ല്‍ നാട്ടുകാരുടെയും കഥകളി ആസ്വാദകരുടെയും ആഭിമുഖ്യത്തില്‍ സപ്‌തതി ആഘോഷിച്ചിരുന്നു.
 

കൊല്ലം ജില്ലയിലെ ചിറക്കര കുന്നില്‍വീട്ടില്‍ രാമന്‍പിള്ളയുടെയും ചെല്ലമ്മയമ്മയുടെയും മകനായ മാധവന്‍കുട്ടിയുടെ ആദ്യഗുരു നാണുപിള്ള ആശാനായിരുന്നു. പിന്നീട്‌ മാങ്കുളം വിഷ്‌ണുനമ്പൂതിരിയുടെ ശിക്ഷണത്തില്‍ പരിശീലനം പൂര്‍ത്തിയാക്കി. കലാമണ്ഡലം കൃഷ്‌ണന്‍നായര്‍ ഉള്‍പ്പെടെയുള്ള പ്രഗത്ഭര്‍ മാധവന്‍കുട്ടിയുടെ സ്‌ത്രീ വേഷത്തെ പ്രകീര്‍ത്തിച്ചിട്ടുണ്ട്‌. 1954-ല്‍ ഡിസംബറില്‍ ഡല്‍ഹിയിലെ കേരളാ ക്ലബ്‌ സംഘടിപ്പിച്ച കഥകളി കാണാന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും ഉണ്ടായിരുന്നു. കഥ 'രുഗ്മാംഗദചരിതം'. വി.കെ കൃഷ്‌ണമേനോന്‍, എം.കെ.കെ നായര്‍ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം സദസിനുമുന്നില്‍തന്നെ പ്രധാനമന്ത്രിയും കുടുംബവും ഉണ്ടായിരുന്നു. മലയാളിയായ കേന്ദ്രമന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്‌ഥന്‍ നെഹ്‌റുവിനോട്‌ കഥ വിശദീകരിച്ചു. കളിവിളക്കിന്‌ പിന്നില്‍ തിളങ്ങിയ മോഹിനിയെ നെഹ്‌റുവിനു നന്നായി ബോധിച്ചു. കളി തീര്‍ന്നപ്പോള്‍ അദ്ദേഹം നേരെ അണിയറയിലെത്തി മോഹിനിയായി അഭിനയിച്ച പെണ്‍കുട്ടിയെ അന്വേഷിച്ചു. അവളുടെ ഭാവാഭിനയത്തെ പ്രശംസിച്ച പ്രധാനമന്ത്രി ട്രൂപ്പ്‌ മാനേജരോട്‌ നടിയെ വിളിക്കാന്‍ ആവശ്യപ്പെട്ടു. മോഹിനിയായി വന്നത്‌ പെണ്‍കുട്ടിയല്ലെന്നും പതിനേഴുകാരനായ യുവാവാണെന്നും പ്രധാനമന്ത്രിയെ പറഞ്ഞ്‌ ബോധിപ്പിക്കാന്‍ മാനേജര്‍ നന്നേ പണിപ്പെട്ടു. പിറ്റേന്ന്‌ മലയാളി സമാജത്തിന്റെ സമ്മേളനത്തില്‍ നെഹ്‌റു മാധവന്‍ കുട്ടിയെ സ്വര്‍ണപതക്കം നല്‍കി അനുമോദിച്ചു.
 

കലയ്‌ക്കുവേണ്ടി വിവാഹം പോലും വേണ്ടെന്നുവച്ച അതുല്യകലാകാരന്റെ'അജ്‌ഞാതവാസ' ത്തിന്റെ പൊരുളറിയാന്‍ കഥകളി ആസ്വാദകര്‍ക്ക്‌ അതിയായ ആഗ്രഹമുണ്ട്‌ . എന്നാല്‍ ഓരോദിവസം കഴിയുമ്പോഴും മാധവന്‍കുട്ടിയെന്ന കലാകാരനെക്കുറിച്ചുള്ള അന്വേഷണത്തിന്‌ മങ്ങല്‍ ഏല്‍ക്കുകയാണ്‌ .
 

-സന്തോഷ്‌ പ്രിയന്‍


No comments:

Post a Comment