വഴികാട്ടി


                                        ബാലചന്ദ്രന്‍ ചുള്ളിക്കാട് 

      നഷ്ടങ്ങളുടെ അശാന്തിയില്‍നിന്ന് ഭാവതീവ്രതയുടെ അവിരാമമായ സ്രോതസ്സ് കണ്ടെത്തുന്ന മലയാളിയുടെ പ്രിയകവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ജീവിതത്തില്‍നിന്ന് മദ്യം പടിയിറങ്ങിപ്പോയ കഥ. കുടിയില്‍  നഷ്ടം നാല്- നഷ്ടങ്ങളെ ബാലചന്ദ്രന്‍ ചുള്ളിക്കാട് അക്കമിട്ട് പറഞ്ഞത് ഇങ്ങനെ :
1. ധനഷ്ടം
2. മാനഷ്ടം
3. ആരോഗ്യനഷ്ടം
4. സമയനഷ്ടം

വിദ്യാര്‍ഥിയായിരിക്കെ ഒരു സാഹസം എന്നനിലയിലാണ് മദ്യപാനം ആരംഭിച്ചത്. പക്ഷേ, പിന്നെയത് അവസാനിപ്പിക്കാന്‍ കഴിയാത്തവിധം ജീവിതത്തിന്റെ ഭാഗമായി മാറിയപ്പോള്‍ അക്കമിട്ട് പറഞ്ഞ നഷ്ടങ്ങള്‍ നാലും പലപ്പോഴായി അനുഭവിച്ചു. പലവട്ടം മദ്യവും പുകവലിയും നിര്‍ത്തിനോക്കിയിട്ടും ആസക്തിയുടെ പ്രലോഭനത്തില്‍നിന്ന് വിട്ടുനില്‍ക്കാനാകാതെ വീണ്ടും മദ്യത്തിലേക്കും പുകവലിയിലേക്കും മടങ്ങിയെത്തി. ഒരുദിവസം രാവിലെ എഴുന്നേറ്റാല്‍ ആദ്യചിന്ത എപ്പോള്‍ മദ്യപാനം തുടങ്ങണമെന്നായിരുന്ന കാലം. അതിനുള്ള പണം എങ്ങനെ? സുഹൃത്തുക്കളെ എങ്ങനെ സംഘടിപ്പിക്കും.., അതിനൊരിടം... എന്നിങ്ങനെ ഉല്‍ക്കണ്ഠയായിരുന്നു. മദ്യപിക്കാനുള്ള ചിന്തയില്‍ നഷ്ടപ്പെട്ട സമയമെത്രയായിരുന്നു. പക്ഷേ, 15 വര്‍ഷങ്ങള്‍ക്കുമുമ്പ് ഉറപ്പിച്ചെടുത്ത തീരുമാനത്തിന്റെ പിന്‍ബലത്തില്‍ പിന്നെ ഇതുവരെയും മദ്യപിച്ചിട്ടില്ല.

എനിക്കുറപ്പാണ് ഇനി ഒരിക്കലും ഞാന്‍ മദ്യപിക്കില്ല, പുകവലിക്കില്ല. മൂന്നുമാസം നീണ്ട ഒരു അമേരിക്കന്‍ പര്യടനമാണ് കാര്യങ്ങള്‍ മാറ്റിമറിച്ചത്. വിവിധ പരിപാടികളുമായി അമേരിക്കയില്‍ കഴിഞ്ഞ ദിനരാത്രങ്ങള്‍ ബോധത്തിനും അബോധത്തിനുമിടയിലെ അല്‍പ്പബോധത്തിലൂടെ കടന്നുപോയി. ഭീകരമദ്യപാനമായിരുന്നു അത്. അങ്ങനെ മടക്കയാത്രയ്ക്ക് അമേരിക്കയിലെ ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടിലെത്തി. ഇന്ത്യയിലേക്കുള്ള വിമാനയാത്രയ്ക്കിടയില്‍ തീരുമാനിച്ചു. ഇനി മദ്യപിക്കില്ല. ആകാശത്തിലെടുത്ത ദൃഢമായ ആ തീരുമാനത്തില്‍നിന്ന് പിന്നെ പിന്തിരിഞ്ഞില്ല. ഇന്ത്യയില്‍ അന്ന് കാല്‍തൊട്ട് ഇന്നുവരെ ഞാന്‍ മദ്യപിച്ചിട്ടില്ല.

പട്ടി നക്കിയപ്പോള്‍ -  മാല്യങ്കര കോളേജില്‍ പഠിക്കുന്ന കാലത്താണ് മദ്യപാനം തുടങ്ങിയത്. ക്ലാസില്‍നിന്ന് നോക്കിയാല്‍ കള്ളുഷാപ്പ് കാണാം. കള്ളില്‍നിന്ന് തുടങ്ങി പിന്നെ എപ്പൊഴോ ചാരായത്തിലേക്കും വിദേശമദ്യത്തിലേക്കുമെല്ലാം എത്തുകയായിരുന്നു. സഹപാഠികളില്‍ പലരും ചെത്തുകാരുടെ മക്കളായിരുന്നതുകൊണ്ട് അങ്ങനെയും കള്ള് കിട്ടാന്‍ അവസരമുണ്ടായിരുന്നു. ഒരു ദിവസം മദ്യപിച്ച് ബോധമില്ലാതെ കാമ്പസില്‍ വീണു. വീണിടത്ത് കിടന്നുതന്നെ ഛര്‍ദിച്ചു. ഛര്‍ദില്‍ കണ്ട് ഒരു പട്ടി അടുത്തുകൂടി. ഛര്‍ദില്‍ നക്കി തിന്നശേഷം അതിന്റെ അവശിഷ്ടങ്ങള്‍ എന്റെ മുഖത്തുനിന്നും പട്ടി നക്കിയെടുത്തു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ കൂട്ടുകാര്‍ പറഞ്ഞാണ് ഞാന്‍ ഈ വിവരമെല്ലാം അറിഞ്ഞത്. മദ്യപാനത്തിനിടയില്‍ ഇതിനപ്പുറം വൃത്തികെട്ട മറ്റൊരനുഭവമില്ല. അല്ലെങ്കില്‍തന്നെ മദ്യപിച്ച് ബോധം പോയാല്‍ പിന്നെ മാനംപോകുന്നത് അറിയുന്നതെങ്ങനെ. പഠിക്കുന്ന കാലത്ത് കലാകാരന്മാരാണ് ഞങ്ങളെ ഏറെ ആകര്‍ഷിച്ചിട്ടുള്ളത്. മിക്കവാറും കലാകാരന്മാരും മദ്യപാനികളുമായിരുന്നു. ജോണ്‍ എബ്രഹാം, കടമ്മനിട്ട, കാക്കനാടന്‍, ഭരതന്‍, അരവിന്ദന്‍, പത്മരാജന്‍ എന്നിങ്ങനെ എത്രപേര്‍.

മദ്യവും കവിതയും- മദ്യപിച്ചിട്ട് ഞാന്‍ ഒരു വരി കവിതപോലും എഴുതിയിട്ടില്ല. കവിത എഴുതണമെന്ന് തോന്നുമ്പോള്‍മാത്രമാണ് എഴുതുന്നത്. അല്ലെങ്കില്‍തന്നെ മദ്യപിച്ചിട്ട് കവിത എഴുതാന്‍പോയിട്ട് പുസ്തകം വായിക്കാന്‍പോലും പറ്റില്ല. എന്തിന് പത്രംപോലും വായിക്കാനാകില്ല. മദ്യവും കവിതയും തമ്മില്‍ ഒരു ബന്ധവുമില്ല. മദ്യമില്ലാത്ത സമയത്തുമാത്രമാണ് എന്റെ എഴുത്തും വായനയും അന്ന് നടന്നിരുന്നത്. സാമാന്യം ഭേദപ്പെട്ട ഓര്‍മശക്തിയുള്ളയാളാണ് ഞാന്‍. ഓര്‍മശക്തിയെ മദ്യപാനവും പുകവലിയും ബാധിച്ചുതുടങ്ങിയെന്ന് എനിക്ക് മനസ്സിലായി. എഴുത്തുകാരനെന്നനിലയില്‍ ഓര്‍മശക്തി ആവശ്യമായിരുന്നു. മദ്യപാനത്തെ വേര്‍പ്പെടുത്തുന്നതിന് അതും എനിക്കൊരു കാരണമായിരുന്നു.

വലിച്ചുതള്ളിയ സിഗററ്റ്- ശരിക്കും ചെയിന്‍ സ്മോക്കര്‍. ഒരു ദിവസം 50-60 സിഗററ്റെങ്കിലും വേണം. ചാര്‍മിനാര്‍. അത് നിര്‍ബന്ധമില്ല. കിട്ടിയില്ലെങ്കില്‍ കിട്ടുന്നതെന്തും. പക്ഷേ, ബീഡി ദിനേശ് തന്നെയായിരുന്നു. അതും വേണം ദിവസവും നാലുകെട്ട്. ഇടതടവില്ലാതെയുള്ള വലിക്കും മദ്യത്തിനൊപ്പം വിരാമമിട്ടു. പുകവലിയും ഇനിയൊരിക്കലുമില്ല. ഒറ്റപ്പെടലിലേക്കും അതിന്റെ ദുരന്തങ്ങളിലേക്കുമാണ് മദ്യവും പുകവലിയും എത്തിക്കുന്നത് അല്ലെങ്കില്‍ രവീന്ദ്രന്‍ പുല്ലന്തറയ്ക്ക് ആത്മഹത്യചെയ്യാന്‍ എന്ത് കാരണമാണുണ്ടായിരുന്നത്.
രവീന്ദ്രന്റെ മരണം- സര്‍ഗാത്മകതയുള്ള കവിയായിരുന്നു എന്റെ സഹപ്രവര്‍ത്തകനായ രവീന്ദ്രന്‍ പുല്ലന്തറ. പക്ഷേ, കടുത്ത മദ്യപാനി. ഔദ്യോഗികജീവിതത്തില്‍ ട്രഷറി ഓഫീസര്‍വരെയായി. മദ്യപാനം കാരണം പലപ്പോഴും സസ്പെന്‍ഷനിലായി. തികച്ചും സ്വസ്ഥമായി പോകുമായിരുന്ന കുടുംബത്തില്‍ രവീന്ദ്രന്‍ മദ്യപാനംകൊണ്ടുമാത്രം ഒറ്റപ്പെട്ടു. കവിതയും മരിച്ചു. ഒരു ദിവസം രവീന്ദ്രന്‍ വീട്ടില്‍ തൂങ്ങിമരിച്ചു. മദ്യപാനം നല്‍കിയ ഒറ്റപ്പെടലില്‍നിന്ന് സ്വയം കണ്ടെത്തിയ മോചനം. അങ്ങനെ എത്രയോ മദ്യപാനികള്‍ ആത്മഹത്യചെയ്തിരിക്കുന്നു. മദ്യം അവരെ ഒറ്റപ്പെടുത്തുന്നു, അവര്‍ സ്വയം മോചനം നേടുന്നു.

ആഘോഷം- അടുത്ത ഒരു സുഹൃത്ത് മരിച്ചു. മരണവീട്ടില്‍ എത്തി മൃതദേഹത്തിനുമുന്നില്‍ നഷ്ടബോധത്തിന്റെ വേദനയില്‍ നില്‍ക്കുന്നതിനിടെയാണ് ഒരാളുടെ കൈവിരല്‍ തോളില്‍ തൊട്ടത്. തിരിഞ്ഞുനോക്കുമ്പോള്‍ അയാള്‍ ആംഗ്യത്തിലും അടക്കത്തിലുമായി പറഞ്ഞു. സെറ്റപ്പൊക്കെ കിഴക്കേവീട്ടിലാ... അങ്ങോട്ട് ചെല്ലൂട്ടോ... മരണമായാലും ജനമായാലും മദ്യം ആഘോഷത്തിന്റെ ഭാഗമാകുന്നു. മദ്യപിക്കാന്‍ എന്നെ ഇന്നാരും നിര്‍ബന്ധിക്കുകയില്ല. വേണ്ടെന്ന് ഉറപ്പിച്ചുപറഞ്ഞാല്‍ പിന്നെ നിര്‍ബന്ധിക്കുന്നതെങ്ങനെ. സുഹൃത്തുക്കള്‍ അതും മുതിര്‍ന്ന സുഹൃത്തുക്കളാണ് മദ്യപാനത്തിലേക്ക് പലരെയും നയിക്കുന്നത്. എനിക്കും അതുതന്നെയാണ് അനുഭവം. യഥേഷ്ടം കിട്ടുന്നതുകൊണ്ടാണ് കുടിക്കുന്നതെന്ന വാദത്തില്‍ എന്തുകഴമ്പാണുള്ളത്. എങ്കില്‍ വിഷം കിട്ടുന്നില്ലേ. എന്നിട്ടെന്തേ എല്ലാവരും വിഷം വാങ്ങി കഴിക്കാത്തത്. കയറുണ്ടാക്കുന്ന ആലപ്പുഴക്കാരെല്ലാം എന്താ കയറില്‍ കെട്ടിത്തൂങ്ങി മരിക്കാത്തത്? വിലകയറ്റിയോ നിയന്ത്രണം കൊണ്ടുവന്നോ മദ്യപാനം ഇല്ലാതാക്കാനാകില്ല. സ്കൂള്‍വിദ്യാഭ്യാസകാലംമുതല്‍ ബോധവല്‍ക്കരണം വേണം.

മദ്യപിക്കാത്ത ഭര്‍ത്താവ്, അച്ഛന്‍ - വിജയലക്ഷ്മിയെ സംബന്ധിച്ചാണെങ്കില്‍ എന്റെ മദ്യപാനം ഒരിക്കലും ഒരു പ്രശ്നമായിരുന്നില്ല. കാരണം മദ്യപിച്ച് ബോധമില്ലാതെയാണ് കടമ്മനിട്ടയുമൊരുമിച്ച് വിജയലക്ഷ്മിയെ ആദ്യം കാണുന്നതുതന്നെ. പക്ഷേ, ഞാന്‍ മദ്യപാനവും പുകവലിയും നിര്‍ത്തിയെന്നു പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല. അവരത് പ്രതീക്ഷിച്ചില്ല. മകന്‍ അപ്പു സ്കൂള്‍മുതലേ പുകവലിവിരുദ്ധപ്രചാരണങ്ങളിലുണ്ട്. ആരെയെങ്കിലും ഉപദേശിച്ച് നന്നാക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. അതുകൊണ്ട് ഒരുകാര്യവുമില്ല. കുടിക്കില്ല, വലിക്കില്ല എന്ന് സ്വയം തീരുമാനിക്കുകയാണ് പ്രധാനം. കുടിക്കരുതെന്ന് പറഞ്ഞിട്ടുള്ളത് നടന്‍ മുരളിയോടുമാത്രമാണ്.

മുരളിയോട് പറഞ്ഞത്- കഴിക്കരുതെന്ന് ഞാന്‍ പലവട്ടം മുരളിയോട് പറഞ്ഞിട്ടുണ്ട്. കാലുപിടിച്ച് പറഞ്ഞിട്ടുണ്ട്. ബെല്ലും ബ്രേക്കുമില്ലാത്ത തരത്തിലായിരുന്നു മുരളിയുടെ കുടി. കുടി കാരണം മുരളിക്ക് ജോലിചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. അഭിനയിക്കാന്‍ പോകാന്‍ കഴിയാതായി. ഒരിക്കല്‍ ദേശാഭിമാനിയുടെ വാരാന്തപ്പതിപ്പിനായി മുരളിയുമായി ഒരു അഭിമുഖത്തിന് ഞാന്‍ പോയിരുന്നു. മുന്‍കൂട്ടി അറിയിച്ചാണ് ചെന്നത്. പക്ഷേ, മദ്യപിച്ച മുരളി സംസാരിക്കാനാകുന്ന അവസ്ഥയിലായിരുന്നില്ല. അന്ന് മടങ്ങി. വീണ്ടും ഒരിക്കല്‍ പോയി. അപ്പോഴും അതുതന്നെയായിരുന്നു അവസ്ഥ. അന്ന് പിണങ്ങിയാണ് ഞാനവിടെനിന്ന് പോന്നത്. മുരളിയുടെ കഴിവിനെ ഉപയോഗിക്കുന്നതിന് അവസാനഘട്ടത്തില്‍ മദ്യം തടസ്സമായിരുന്നു. മുരളി അകാലത്തിലാണ് മരിച്ചത്.
 ധനവും മാനവും ആരോഗ്യവും സമയവും നഷ്ടപ്പെടുമെന്ന് സ്വയം തിരിച്ചറിഞ്ഞ് മദ്യത്തെ ഒഴിവാക്കുകയാകും നല്ലത്. ചികിത്സകൊണ്ടോ ഉപദേശംകൊണ്ടോ അല്ല സ്വയം തീരുമാനിച്ച് വേണമെങ്കില്‍ മദ്യവും പുകവലിയും ഉപേക്ഷിക്കാം. അല്ലെങ്കില്‍ ആരോഗ്യം നശിച്ച് മരിക്കാം. ഒറ്റപ്പെട്ട് ആത്മഹത്യചെയ്യാം.  
  (കടപ്പാട് : ദേശാഭിമാനി വാരാന്ത്യപ്പതിപ്പ്)               


മദ്യപാനശീലത്തില്‍ നിന്നും രക്ഷപെടാന്‍ മാര്‍ഗ്ഗമുണ്ടോ?

                    ചിറക്കര മധു


                ല്ലാ ദുശ്ശീലങ്ങളില്‍ നിന്നും രക്ഷനേടാന്‍ കഴിയും. അസാധ്യമായ കാര്യമല്ലത്‌. പക്ഷേ കാലില്‍ പറ്റിയ അഴുക്ക്‌ കഴുകി വൃത്തിയാക്കുന്നതുപോലെ അനായാസമായി ദുശ്ശീലങ്ങളില്‍ നിന്നും രക്ഷനേടാനാവില്ല. അതിനാലാണ്‌ ദുശ്ശീലങ്ങള്‍ വിനോദത്തിന്‌ വേണ്ടിയാണെങ്കില്‍പ്പോലും ഒരിക്കലും ആരംഭിക്കരുതെന്ന്‌്‌ പറയുന്നത്‌. ലഹരിവസ്‌തുക്കള്‍ വളരെ അടിമമനോഭാവം വ്യക്തികളിലുണ്ടാക്കുന്നു. ഒന്നോ രണ്ടോ തവണത്തെ ഉപയോഗംകൊണ്ട്‌ തന്നെ അതിനോടുള്ള ആകര്‍ഷണം സൃഷ്‌ടിക്കപ്പെടുന്നു. തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍ മനസും ശരീരവും അടിമപ്പെട്ടുകഴിഞ്ഞിരിക്കും. 
       മദ്യപാനത്തില്‍ നിന്നും രക്ഷനേടാന്‍ ആഗ്രഹിക്കുന്ന ആള്‍ മദ്യത്തിന്റെ ദോഷങ്ങള്‍ വ്യക്തമായി മനസ്സിലാക്കണം. തുടര്‍ന്ന്‌ അത്‌ ഉപേക്ഷിക്കണമെന്ന്‌ ഉറച്ച തീരുമാനമെടുക്കുകയും അത്‌ നടപ്പാക്കാന്‍ ശ്രമിക്കുകയും വേണം. ആവശ്യമായ സഹായം മറ്റുള്ളവരില്‍ നിന്നും സ്വീകരിക്കുകയും ചെയ്യണം.
സാധാരണഗതിയില്‍ ഒരു മദ്യപന്‍ ഒരിക്കലും മദ്യത്തിന്റെ ദോഷവശങ്ങള്‍ തിരിച്ചറിഞ്ഞ്‌ ബോധ്യപ്പെടുകയില്ല. പല ദോഷവശങ്ങളും അറിയാമെന്ന്‌ മാത്രമല്ല പല ദോഷങ്ങളും സ്വയം അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നെങ്കിലും മദ്യത്തിന്റെ ഇല്ലാത്ത ഗുണങ്ങളെ പ്രകീര്‍ത്തിക്കാനാകും സാധാരണ ഒരു മദ്യപാനി ശ്രമിക്കുന്നത്‌. മദ്യപാനം കൊണ്ട്‌ ആരോഗ്യം ആകെ തകര്‍ന്ന്‌ ഇനി മദ്യപിച്ചാല്‍ മരിച്ചുപോകുമെന്ന്‌ ഡോക്‌ടര്‍മാരുടെ മുന്നറിയിപ്പ്‌ ലഭിക്കുമ്പോഴായിരിക്കും പലരും മദ്യപാനം മതിയാക്കുന്നത്‌.
രണ്ടോ മൂന്നോമാസം മദ്യപിക്കാതിരിക്കുന്നതോടുകൂടി അയാള്‍ക്കുണ്ടായ ആരോഗ്യപ്രശ്‌നങ്ങളുടെ ബാഹ്യലക്ഷണങ്ങള്‍ ഇല്ലാതാകും. അതോടുകൂടി തന്റെ ആരോഗ്യം തിരിച്ചുകിട്ടിയെന്ന ധാരണയില്‍ പൂര്‍വ്വാധികം ഭംഗിയായി മദ്യപിക്കാനാരംഭിക്കുകയും ചെയ്യും. അത്‌ ആരോഗ്യവസ്ഥ വഷളാക്കുകയും യാതൊരു മരുന്നിനും രക്ഷിക്കാന്‍ സാധിക്കാത്തതരത്തില്‍ അയാള്‍ ഗുരുതരാവസ്ഥയിലാവുകയും ചെയ്യും.
         കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും നിര്‍ബന്ധത്തിന്‌ വഴങ്ങി ചിലര്‍ മദ്യപാനം മതിയാക്കാന്‍ തീരുമാനിക്കുന്നു. ചിലര്‍ക്ക്‌ ചികിത്സ നല്‍കേണ്ടിയും വരുന്നു. എന്തായാലും അവര്‍ മദ്യപാനം മതിയാക്കുന്നു. കുറെ നാള്‍ കഴിയുന്നതോടുകൂടി കുടുംബാംഗങ്ങളും സുഹൃത്തുക്കളും അയാളുടെ മദ്യപാനജീവിതവും അത്‌ മൂലമുണ്ടായ തകര്‍ച്ചയും രോഗങ്ങളും മറ്റും മറക്കുന്നു. അയാളെ സാധാരണ ഒരാളായി പരിഗണിച്ചു തുടങ്ങുന്നു.
ആഘോഷവേളകളില്‍ മറ്റുള്ളവര്‍ മദ്യപിക്കുന്ന സമയം അയാള്‍ പങ്കെടുക്കാതെ ഒഴിഞ്ഞു നില്‍ക്കാന്‍ ശ്രമിക്കുന്നു. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തില്‍ ഒരു പെഗ്‌ കഴിക്കുന്നു. അതോടെ അയാളുടെ വ്രതം മുറിയുന്നു. മുമ്പ്‌ മദ്യപിച്ചിരുന്നതിന്റെ അവസ്ഥയിലേക്ക്‌ അയാള്‍ എത്തിച്ചേരാന്‍ കൂടുതല്‍ സമയം എടുക്കുന്നില്ല.
ആരോഗ്യത്തിന്‌ തകരാറുവരുമ്പോഴും മറ്റുള്ളവരുടെ നിര്‍ബന്ധത്താലും മദ്യപാനം മതിയാക്കുമ്പോള്‍ അത്‌ കൂടുതല്‍ നീണ്ടു നില്‍ക്കുന്നില്ല.
             മദ്യപാനം തനിക്കു നല്‍കിയ തിക്താനുഭവങ്ങള്‍ ബോധ്യപ്പെടുകയും ഇനിയും താന്‍ ഇതിന്‌ അടിമപ്പെട്ടാല്‍ തന്റെ ജീവിതം ബാക്കിയുണ്ടാവുകയില്ലെന്ന്‌ തിരിച്ചറിയുകയാണ്‌ മദ്യപന്‍ ആദ്യം ചെയ്യേണ്ടത്‌. തന്റെ സമ്പത്ത്‌, കുടുംബസമാധാനം, ആരോഗ്യം എല്ലാം നഷ്‌ടപ്പെട്ടു. സുഹൃത്തുക്കള്‍ ഒഴിഞ്ഞുമാറുന്നു. ബന്ധുക്കള്‍ കുറ്റപ്പെടുത്തുന്നു. തന്റെ മക്കള്‍ ഗതിയില്ലാതെ വളരേണ്ടിവരുന്നു. ശരിയായ തരത്തില്‍ ജോലി ചെയ്യാന്‍ തനിക്ക്‌ കഴിയുന്നില്ല. സമൂഹത്തിലുണ്ടായിരുന്ന മാന്യത നഷ്‌ടപ്പെട്ടു. ഇനിയും താന്‍ മദ്യപിക്കുകയാണെങ്കില്‍ തന്റെ മാത്രമല്ല കുടുംബത്തിലെ ഓരോരുത്തരുടേയും ഭാവി തകര്‍ന്ന്‌ പോകും. എന്നിങ്ങനെ യഥാര്‍ത്ഥ അവസ്ഥകള്‍ തിരിച്ചറിയണം.
``ഈ തകര്‍ച്ചയ്‌ക്കെല്ലാം കാരണം തന്റെ മദ്യപാനം മാത്രമാണ്‌. സ്വന്തം സുഖത്തിന്‌ വേണ്ടി മക്കളുടേയും കുടുംബത്തിലെ മറ്റുള്ളവരുടേയും ജീവിതം ഇനിയും താന്‍ തകര്‍ത്തുകൂടാ''എന്ന തീരുമാനമാണ്‌ ഉണ്ടാകേണ്ടത്‌. ഇപ്രകാരം ഒരു തീരുമാനം മദ്യപന്റെ ഹൃദയത്തില്‍ നിന്നും ഉണ്ടായി വരുന്ന സമയം അയാള്‍ തികച്ചും മറ്റാരുടേയും പ്രേരണ കൂടാതെ മദ്യപാനം അവസാനിപ്പിച്ചിരിക്കും.
            തീരുമാനമെടുക്കുകയും മദ്യപാനം അവസാനിപ്പിക്കുകയും ചെയ്യുന്നതോട്‌ കൂടി എല്ലാം വിജയത്തിലെത്തിയെന്ന്‌ കരുതരുത്‌. ഇത്‌ തുടക്കം മാത്രമാണ്‌. വര്‍ഷങ്ങളായി ശീലിച്ചിരുന്ന ലഹരി ഒരു ദിവസം അവസാനിപ്പിക്കുമ്പോള്‍ ഗൗരവമായ പ്രത്യാഘാതങ്ങള്‍ അയാള്‍ക്കുണ്ടാകും. ഇതിനെ നേരിടാന്‍ മദ്യപനും കുടുംബാംഗങ്ങളും കരുതിയിരിക്കുകയെന്നതാണ്‌ രണ്ടാമത്തെ ഘട്ടം. മദ്യപിക്കാതിരിക്കുമ്പോള്‍ ശരീരത്തിന്‌ വിറയലും മറ്റും അനുഭവപെട്ടിട്ടുള്ള വ്യക്തിയാണെങ്കില്‍ മദ്യം അവസാനിപ്പിക്കാന്‍ തീരുമാനമെടുത്താലുടന്‍ വിദഗ്‌ധചികിത്സാസൗകര്യമുള്ള ഒരു ആശുപത്രിയില്‍ അഡ്‌മിറ്റായി തീരണം. മദ്യപാനം പെട്ടന്ന്‌ നിര്‍ത്തുന്ന ഇത്തരക്കാര്‍ക്ക്‌ ശാരിരികവും മാനസികവുമായ ചില പിന്‍മാറ്റാവസ്ഥകള്‍ അനുഭവപ്പെടാന്‍ സാദ്ധ്യതയുണ്ട്‌. ഓരോ ദിവസവും എത്ര മദ്യം കഴിച്ചിരുന്നു. എത്ര കാലമായി മദ്യപിക്കുന്നു. പൊതുവായ ആരോഗ്യവസ്ഥ എന്നിവ അനുസരിച്ചായിരിക്കും പിന്‍മാറ്റലക്ഷണങ്ങള്‍. ചിലര്‍ക്ക്‌ ഇത്‌ വളരെ ശക്തമായിരിക്കും. പ്രകടിപ്പിക്കുന്ന ലക്ഷണങ്ങള്‍ക്കനുസരിച്ച്‌ ഡോക്‌ടര്‍മാര്‍ മരുന്നുകള്‍ നല്‍കുകയും മാറ്റങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യുന്നു. മിക്കവര്‍ക്കും ഒന്നോ രണ്ടോ ആഴ്‌ചകൊണ്ട്‌ പിന്‍മാറ്റലക്ഷണങ്ങള്‍ ശമിക്കുന്നു.
മദ്യപാനം അവസാനിപ്പിച്ച വ്യക്തിക്ക്‌ തുടര്‍ന്ന്‌ സാധാരണജീവിതം നയിക്കാന്‍ കഴിയും. എന്നാല്‍ ഇനിയാണ്‌ ഗൗരവമുള്ള ഘട്ടം. ``മദ്യപാനം മതിയാക്കുന്നത്‌ വളരെ എളുപ്പമാണ്‌. ഞാന്‍ തന്നെ എത്രതവണ മദ്യപാനം മതിയാക്കിയിരിക്കുന്നു'' എന്ന്‌ ഒരു സരസ്സന്‍ പറഞ്ഞത്‌ ഈ ഘട്ടത്തെ കുറിച്ചാണ്‌. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സഹപ്രവര്‍ത്തകരുടേയും സഹായത്തോട്‌ കൂടി മാത്രമേ ഈ ഘട്ടം കടന്നുകൂടാന്‍ കഴിയുകയുള്ളു.
ഓരോ ദിവസവും ഓരോ നിമിഷവും തലച്ചോറിന്റെ ഒരു ഭാഗത്തിരുന്ന്‌ മദ്യാസക്തി ആവശ്യപ്പെട്ടുകൊണ്ടിരിക്കും. ``നീ മദ്യപിക്കൂ...നീ മദ്യപിക്കൂ'' ഈ നിര്‍ദ്ദേശത്തെ ഓരോ നിമിഷവും അയാള്‍ പ്രതിരോധിക്കേണ്ടി വരുന്ന അവസ്ഥയൊന്നലോചിച്ച്‌ നോക്കൂ. കൂടെ മദ്യപിച്ചിരുന്ന സുഹൃത്തുക്കള്‍, മദ്യപിച്ചിരുന്ന സ്ഥലങ്ങള്‍, മദ്യപിക്കേണ്ടി വന്നിരുന്ന കാരണങ്ങള്‍ തുടങ്ങിയ ഓരോ കാര്യങ്ങളും മദ്യപാനം മതിയാക്കിയ ആളെ വീണ്ടും മദ്യഗ്ലാസ്‌ കയ്യിലെടുക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരിക്കും. ഇപ്രകാരം ഒരു നിര്‍ണ്ണായകമായ അവസ്ഥയിലൂടെയാണ്‌ ആ വ്യക്തി കടന്നു പോകുന്നതെന്ന്‌ കുടുംബാംഗങ്ങളും സമീപത്തുള്ളവരും അറിയണം. ഏറ്റവും പ്രധാനമായും മദ്യപാനം മതിയാക്കിയ വ്യക്തി താന്‍ അഭിമുഖികരിക്കുന്ന ഭീഷണിയെകുറിച്ച്‌ തികച്ചും ബോധവാനായിരിക്കണം. വലിച്ച്‌ കെട്ടിയ റബ്ബര്‍ പോലെയാണയാള്‍. ടെന്‍ഷന്‍കൂടുന്നതനുസരിച്ച്‌ അത്‌ പൊട്ടിപ്പോകാനുള്ള സാധ്യത കൂടിക്കോണ്ടേയിരിക്കും.
മനസ്സില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ അവഗണിക്കുന്നതിന്‌ വേണ്ട പ്രവര്‍ത്തനങ്ങളിലയാള്‍ ഏര്‍പ്പെട്ടുകൊണ്ടേയിരിണം. ഒരു നിമിഷം പോലും വെറുതെയിരിക്കരുത്‌ ജോലി സ്ഥലത്ത്‌ എപ്പോഴും പ്രവര്‍ത്തനനിരതനായിരിക്കാന്‍ ശ്രദ്ധിക്കണം.ജോലിസമയം കഴിഞ്ഞാല്‍ എന്തെങ്കിലും കളികളില്‍ ഏര്‍പ്പെടാന്‍ സൗകര്യമുണ്ടെങ്കില്‍ അത്‌ ചെയ്യണം. അല്ലാത്തവര്‍ക്ക്‌ വായിക്കുകയോ എഴുതുകയോ ചെയ്യാം. എന്തെങ്കിലും വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ സൗകര്യമുണ്ടെങ്കില്‍ അതാകാം. മദ്യപിക്കുന്ന സുഹൃത്തുക്കളോടൊപ്പം ഈ ദിവസങ്ങളില്‍ സമയം ചെലവഴിക്കാതിരിക്കുന്നതാണ്‌ ഉചിതം. അവരുടെ എല്ലാ വിനോദപരിപാടികളും അവസാനിക്കുന്നത്‌ മദ്യപാനത്തിലായിരിക്കും. ഉണ്ടാകാന്‍ സാധ്യതയുള്ള അത്തരം സാഹചര്യം മുന്‍കൂട്ടി കണ്ടറിഞ്ഞ്‌ അതില്‍ നിന്നും ഒഴിഞ്ഞ്‌ മാറിയിരിക്കണം.
             ഉച്ചസമയത്ത്‌ ഊണിനോടൊപ്പമാണ്‌ മദ്യപിച്ചിരുന്നതെങ്കില്‍ അത്തരം ഹോട്ടലുകളില്‍ പിന്നീട്‌ ആഹാരത്തിനായിപ്പോലും പോകരുത്‌. മദ്യപിച്ചതിന്‌ ശേഷം പുക വലിക്കുകയോ മറ്റോ ചെയ്യുന്ന ശീലമുള്ളയാളാണെങ്കില്‍ അത്തരം ശീലങ്ങളും മദ്യത്തോടൊപ്പം തന്നെ ഉപേക്ഷിക്കണം. ബ്രാണ്ടി, റം, തുടങ്ങിയ മദ്യങ്ങള്‍ ശീലിച്ചിരുന്ന വ്യക്തി അവയൊക്കെ അവസാനിപ്പിക്കുകയും പകരം ബിയര്‍ കുടിച്ച്‌ തുടങ്ങുകയും ചെയ്യുന്നത്‌ കൊണ്ട്‌ യാതൊരു ഗുണവുമില്ല. കാരണം വീര്യം കുറവുണ്ടന്നല്ലാതെ ബ്രാണ്ടിയും ബിയറും തമ്മില്‍ വലിയ വ്യത്യാസങ്ങളില്ല. രണ്ടും മദ്യമാണ്‌. രണ്ടിലും ഈഥെയില്‍ ആള്‍ക്കഹോളുണ്ട്‌. ബിയര്‍ തുടര്‍ന്നുപോകുന്നയാള്‍ വീണ്ടും വീര്യം കൂടിയ മദ്യത്തിലെത്താന്‍ കുടുതല്‍ സമയം വേണ്ടിവരികയില്ല.
             മദ്യപാനം മതിയാക്കിയ വ്യക്തി മദ്യപിക്കാത്ത ആളുകളുമായി സൗഹൃദമുണ്ടാക്കുകയും അവരുമായി സമയം ചെലവഴിക്കുകയും ചെയ്യുന്നത്‌ നല്ലതാണ്‌. അല്ലെങ്കില്‍ മുമ്പ്‌ മദ്യപിച്ചിരുന്നവരും നിലവില്‍ മദ്യപാനം അവസാനിപ്പിച്ച്‌ മദ്യത്തിനെതിരായ മനോഭാവമുള്ളവരുമായി സൗഹൃദമുണ്ടാക്കുന്നത്‌ വളരെ ഫലം ചെയ്യും. ആള്‍ക്കഹോള്‍ അനോണിമസ്‌ എന്ന പേരില്‍ ഇത്തരം കൂട്ടായ്‌മകള്‍ നിലവിലുണ്ട്‌. (മറ്റൊരു ഭാഗത്ത്‌ ഇത്‌ കൂടുതല്‍ ചര്‍ച്ച ചെയ്യുന്നു.)
മദ്യപാനം മതിയാക്കിയ ആള്‍ അന്നുമുതല്‍ കൃത്യമായും ഡയറി എഴുതുന്നത്‌ നല്ലതാണ്‌. ഓരോ ദിവസവും നടന്ന സംഭവങ്ങള്‍ കുറിക്കുന്നകുട്ടത്തില്‍ മദ്യപിക്കാതിരുന്നത്‌ കൊണ്ട്‌ തനിക്കുണ്ടായ നേട്ടങ്ങള്‍ കൂടി എഴുതണം. എത്ര നിസ്സാരമായതോ ആയിരിക്കട്ടെ അക്കാര്യം ദിവസവും ഡയറിയില്‍ കുറിക്കണം. അതോടൊപ്പം മദ്യപിച്ച്‌ നശിക്കുന്ന ആരെയെങ്കിലും വഴിയിലോ മറ്റോ കണ്ടിട്ടുണ്ടെങ്കില്‍ അക്കാര്യവും എഴുതണം. രാത്രിയില്‍ കുടുംബാംഗങ്ങളോടൊത്ത്‌ തനിക്കുണ്ടായ ഗുണപ്രദമായ അനുഭവങ്ങള്‍ ചര്‍ച്ച ചെയ്യണം. കുടുംബാംഗങ്ങളുടെ അഭിപ്രായം ആരായാണം.
മദ്യപാനം മതിയാക്കിയ ആളുടെ കുടുംബാംഗങ്ങളാവട്ടെ അയാളുടെ നല്ല തീരുമാനത്തില്‍ ഏറ്റവും സന്തോഷം പ്രകടിപ്പിക്കുകയും അയാളുടെ തീരുമാനം ഏറ്റവും ഉചിതമാണെന്നും അത്‌ തങ്ങളുടെ ജീവിതത്തെ കൂടുതല്‍ ഗുണപ്രദമാക്കുന്നുവെന്നും തുറന്നു പറയണം. അയാളുടെ മുന്‍കാലപ്രവര്‍ത്തികളെ കുറ്റപ്പെടുത്തി സംസാരിക്കാന്‍ പാടില്ല. ഒഴിവാക്കാവുന്ന കുടുബവഴക്കുകള്‍ ബോധപൂര്‍വ്വം ഒഴിവാക്കണം. ദാമ്പത്യജീവിതം സന്തോഷപ്രദമാക്കാന്‍ ഭാര്യ അയാളോട്‌ സഹകരിക്കണം. കുടുംബനാഥന്റെ നല്ല തീരുമാനത്തെ പ്രശംസിച്ച്‌ അയല്‍പക്കത്തുകാരോട്‌ സംസാരിക്കണം. അങ്ങനെ ചുറ്റുപാടുമുള്ളവര്‍ മദ്യവിരുദ്ധനിലപാട്‌ അറിയുകയും അതിനെ അംഗികരിക്കുകയും ചെയ്യും. ഇപ്രകാരം ഓരോ ദിവസവും മദ്യം കഴിക്കാന്‍ സാധ്യതയുള്ള സാഹചര്യങ്ങളെ ബോധപൂര്‍വ്വം ഒഴിവാക്കുമ്പോള്‍ തന്നെ തീരുമാനം നടപ്പാക്കുന്നത്‌ എളുപ്പമായിത്തീരും.
             മദ്യപാനം മതിയാക്കിയ വ്യക്തി ചില സമയങ്ങളില്‍ കടുത്ത വിഷാദത്തില്‍ അകപ്പെടാന്‍ സാധ്യതയുണ്ട്‌, ഈ സമയങ്ങളില്‍ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ അത്‌ തിരിച്ചറിയുകയും അയാളെ ഉന്മേഷഭരിതനാക്കുവാന്‍ ശ്രമിക്കുകയും വേണം. എന്നിട്ടും ഫലമുണ്ടാകുന്നില്ലെങ്കില്‍ അയാളെ കൗണ്‍സിലിംഗ്‌ സെന്ററില്‍ എത്തിക്കേണ്ടതാണ്‌. ഫലപ്രദമായ കൗണ്‍സിലിംഗിലൂടെയും ആവശ്യമായ ഔഷധങ്ങള്‍ നല്‍കിയും മാനസികമായ അസ്വസ്ഥതകള്‍ പരിഹരിക്കാവുന്നതാണ്‌.
              മദ്യപിക്കുന്ന സുഹൃത്തുക്കളില്‍ ചിലര്‍ മദ്യപാനം മതിയാക്കിയ ആളിനോട്‌ കേവലം ശത്രുതയിലോ പുച്ഛത്തോട്‌ കൂടിയോ പെരുമാറാന്‍ സാധ്യതയുണ്ട്‌. അത്തരം ആളുകളുമായുള്ള സഹകരണം ഒഴിവാക്കുകയെന്നതാണ്‌ നല്ലൊരു മാര്‍ഗ്ഗം. മദ്യപിച്ചിരുന്നപ്പോള്‍ നിനക്കിത്ര ക്ഷീണമില്ലായിരുന്നെന്നോ മദ്യം മതിയാക്കിയ തീരുമാനം വെറും മണ്ടത്തരമായിരുന്നെന്നോ സൂഹൃത്തുക്കള്‍ അയാളോട്‌ തമാശയായിപ്പോലും പറയരുത്‌. പകരം മദ്യപാനം മതിയാക്കിയ തീരുമാനത്തെ പ്രശംസിക്കണം. അയാളുടെ നിയന്ത്രണശേഷിയെകുറിച്ച്‌ വളരെ പുകഴ്‌ത്തി പറയണം.ഇത്‌ മൂലം തന്റെ തീരുമാനത്തില്‍ നിന്നും പിറകോട്ട്‌ മാറാതെയിരിക്കാന്‍ അയാള്‍ക്ക്‌ കഴിയും.മദ്യപാനം മതിയാക്കിയപ്പോള്‍ മുഖത്ത്‌ പ്രസന്നത കൂടിയെന്നോ ആളു കൂടുതല്‍ സ്‌മാര്‍ട്ട്‌ ആയെന്നോ കുറെക്കൂടി നേരത്തെ ഈ തീരുമാനം എടുക്കേണ്ടിയിരുന്നുവെന്നോ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ അയാളോട്‌ സംസാരിക്കുകയാണ്‌ വേണ്ടുന്നത്‌.
ഇത്തിള്‍ക്കണ്ണികളായ ചില കൂട്ടുകാരോ ബന്ധുക്കളോ സഹപ്രവര്‍ത്തകരോ ഒരാളുടെ മദ്യപാനശീലത്തെ ചൂഷണം ചെയ്‌തു ജീവിക്കുന്നുണ്ടാകും. വീട്ടുകാര്‍ക്ക്‌ അവരെകുറിച്ച്‌ ശരിയായ അറിവുണ്ടാകണമെന്നില്ല. ഒരുമിച്ച്‌ മദ്യപിക്കാന്‍ പോവുക, ബില്‍ കൂട്ടുകാരനെകൊണ്ട്‌ കൊടുപ്പിക്കുക, ആഹാരം കഴിക്കുന്ന പണവും കൂട്ടുകാരനെക്കൊണ്ട്‌ കൊടുപ്പിക്കുക, മദ്യപിച്ച ശേഷം കൂട്ടുകാരനേയും കൊണ്ട്‌ പര്‍ച്ചേസിന്‌ പോവുക താന്‍ വാങ്ങുന്ന സാധനത്തിന്റെ ബില്ലുകൂടി കൂട്ടുകാരന്റെ ബില്ലില്‍ കയറ്റുക തുടങ്ങി അന്നത്തെ തന്റെയും വീട്ടുകാരുടേയും ആഹാരം കൂടി കൂട്ടുകാരന്റെ ചെലവില്‍ പാഴ്‌സല്‍ വാങ്ങുന്ന ``കൂടിയ ഇനം സുഹൃത്തുക്കളും'' സമൂഹത്തിലുണ്ട്‌. അത്തരം ആളുകളെ സംബന്ധിച്ച്‌ തന്റെ ഇര മദ്യപാനം മതിയാക്കിയെന്നത്‌ ഒരു വലിയ നഷ്‌ടമായിരിക്കും. അയാളെ വീണ്ടും മദ്യപാനിയാക്കുന്നതിന്‌ വേണ്ടി എന്തു ``ത്യാഗവും'' സഹിക്കാന്‍ സുഹൃത്ത്‌ തയ്യാറാകും. ഒന്നോ രണ്ടോ ദിവസത്തെ മദ്യത്തിന്റെ ബില്ലുപോലും തന്റെ കൈയില്‍ നിന്ന്‌ നല്‍കാന്‍ അയാള്‍ സന്നദ്ധനായെന്നു വരാം. ഇത്തരം സുഹൃത്തുക്കളെ മദ്യപാനം മതിയാക്കിയ വ്യക്തിയുംകുടുംബാംഗങ്ങളും വളരെ കരുതിയിരിക്കേണ്ടതുണ്ട്‌.
              മദ്യമെന്നത്‌ ശരീരത്തേയും മനസ്സിനേയും അടിമപ്പെടുത്തുന്ന ഒരു രാസപദാര്‍ത്ഥമാണ്‌. സാധാരണക്കാരന്‌ അതിന്റെ ആകര്‍ഷണത്തെ ചെറുത്ത്‌ നില്‍ക്കുകവളരെ പ്രയാസകരമാണ്‌. മദ്യപാനശീലമുള്ള ഒരാള്‍ വിവിധകാരണങ്ങളാല്‍ മദ്യപാനം അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തുകഴിഞ്ഞാല്‍ എന്തു ത്യാഗം സഹിച്ചും ആ തീരുമാനത്തില്‍തന്നെ ഉറച്ചു നില്‍ക്കണം. കാരണം മദ്യത്തിലേക്കുള്ള തിരിച്ചുപോക്കെന്നാല്‍ അതിനര്‍ത്ഥം തന്റേയും തന്നെ ആശ്രയിച്ചു നില്‍ക്കുന്നവരുടെയും തകര്‍ച്ചയാണെന്ന്‌ തിരിച്ചറിയേണ്ടതുണ്ട്‌.
(ഉടന്‍ പുറത്തിറങ്ങുന്ന മോചനം അകലെയല്ല എന്ന പുസ്തകത്തില്‍ നിന്നും.)ചിറക്കര മധു - Ph : 94 95 32 33 68

No comments:

Post a Comment